തെലങ്കാന പോളിങ് ബൂത്തില്‍; 119 സീറ്റുകളിലേക്ക് വോട്ടെടുപ്പ് ആരംഭിച്ചു

 തെലങ്കാന പോളിങ് ബൂത്തില്‍; 119 സീറ്റുകളിലേക്ക് വോട്ടെടുപ്പ് ആരംഭിച്ചു

ഹൈദരാബാദ്: തെലങ്കാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 119 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.

ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍പ്പെടെ 109 പാര്‍ട്ടികളില്‍ നിന്നായി 2,290 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. മത്സരാര്‍ഥികളില്‍ 221 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്ററും ഉള്‍പ്പെടുന്നു. 103 നിയമസഭാംഗങ്ങള്‍ ഇത്തവണ വീണ്ടും മത്സരിക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും നിലവിലെ ഭരണകക്ഷിയായ ബിആര്‍എസ് നേതാക്കളാണ്.

35,655 പോളിങ് സ്റ്റേഷനുകളിലായി 3.26 കോടി വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. 9,99,667 വോട്ടര്‍മാര്‍ 18-19 വയസിനിടയിലുള്ളവരാണ്. ഭിന്നശേഷിക്കാര്‍ക്കായി പോളിങ് സ്റ്റേഷനുകളില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. 120 പോളിങ് സ്റ്റേഷനുകള്‍ ഭിന്നശേഷിക്കാരും 597 പോളിങ് സ്റ്റേഷനുകള്‍ വനിതകളുമാണ് കൈകാര്യം ചെയ്യുന്നത്.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സായുധ സേനയേയും സ്പെഷ്യല്‍ പൊലീസിനെയും കൂടാതെ 45,000 പൊലീസ് ഉദ്യോഗസ്ഥരെയും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 23,000 ഹോം ഗാര്‍ഡുകളെയും സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. സെന്‍സിറ്റീവായ 12000 പോളിങ് സ്റ്റേഷനുകളില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.

2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അവസാന സംസ്ഥാനമാണ് തെലങ്കാന. ബിആര്‍എസ്, കോണ്‍ഗ്രസ്, ബിജെപി എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. നിലവിലെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. ഗജ്‌വെല്‍, കാമറെഡ്ഡി മണ്ഡലങ്ങളിലാണ് കെസിആര്‍ മത്സരിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.