ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2018 ആവര്‍ത്തിക്കുമോ?.. എങ്കില്‍ കോണ്‍ഗ്രസ് ചിരിക്കും, അല്ലെങ്കില്‍ ബിജെപി; രാഷ്ട്രീയത്തില്‍ അസംഭവ്യമായി ഒന്നുമില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2018 ആവര്‍ത്തിക്കുമോ?.. എങ്കില്‍ കോണ്‍ഗ്രസ് ചിരിക്കും, അല്ലെങ്കില്‍ ബിജെപി; രാഷ്ട്രീയത്തില്‍ അസംഭവ്യമായി ഒന്നുമില്ല

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2018 ആവര്‍ത്തിക്കുമോ?... സാധ്യത വിദൂരമെങ്കിലും രാഷ്ട്രീയത്തില്‍ അസംഭവ്യമായി ഒന്നുമില്ല. അതാണ് ചരിത്രം.

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ ശേഷം ബിജെപി നേരിട്ട വലിയൊരു തിരഞ്ഞെടുപ്പ് തോല്‍വിയായിരുന്നു 2018 ല്‍ ഇതേ ഹിന്ദി ഹൃദയ ഭൂമിയില്‍ സംഭവിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് നടന്ന രാഷ്ട്രീയ ബലാബലത്തില്‍ അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും അന്ന് കോണ്‍ഗ്രസ് അധികാരത്തിലേറി. പക്ഷേ മാസങ്ങള്‍ക്ക് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതേ സംസ്ഥാനങ്ങളില്‍ ബിജെപി വന്‍ തേരോട്ടമാണ് നടത്തിയത്.

2018 ലെ സെമി ഫൈനലില്‍ ഫലം വെച്ച് മോഡി പ്രഭാവം മങ്ങിയെന്നും കോണ്‍ഗ്രസ് തിരിച്ചെത്തിയെന്നും വിലിയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ അത്തരം വിലയിരുത്തലുകള്‍ക്കൊന്നും അടിസ്ഥാനമില്ലെന്ന് പിന്നീട് നടന്ന പൊതുതിരഞ്ഞെടുപ്പ് തെളിയിച്ചു. 2014 ലേതിനാക്കള്‍ ഭൂരിപക്ഷം നേടിയാണ് നരേന്ദ്ര മോഡി ഇന്ദ്രപ്രസഥത്തില്‍ അധികാരത്തിലേറിയത്.

2024 ന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന അതേ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ ഒരു ഫലം പുറത്ത് വരുമ്പോള്‍ വീണ്ടും ഫൈനല്‍ ചര്‍ച്ചകളിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം കടക്കുകയാണ്.

ബിജെപിയുടെ ശക്തി കേന്ദ്രമായിരുന്ന ഹിന്ദി ഹൃദയഭൂമി പിടിച്ചടക്കിയതിന്റെ ആത്മ വിശ്വാസത്തിലായിരുന്നു 2019 ലെ പൊതു തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടത്. ഫലം തിരിച്ചായെങ്കിലും 2024 ലേക്ക് കടക്കുമ്പോള്‍ ആ ആത്മവിശ്വാസം കൂടി കോണ്‍ഗ്രസിന് നഷ്ടമായിരിക്കുകയാണ്. എന്നാല്‍ കര്‍ണാടകയ്ക്ക് പിന്നാലെ ദക്ഷിണേന്ത്യയിലെ മറ്റൊരു സംസ്ഥാനത്ത് കൂടി അധികാരം പിടിക്കാനായത് മാത്രമാണ് കോണ്‍ഗ്രസിന്റെ ഏക ആശ്വാസം.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലായി 82 ലോക്സഭാ സീറ്റുകളാണുള്ളത്. 2018 ല്‍ മൂന്നിടത്ത് അധികാരത്തില്‍ വരികയും ഒരിടത്ത് പ്രതിപക്ഷത്തിരിക്കുകയും ചെയ്ത കോണ്‍ഗ്രസിന് ആകെ നേടാനായത് ആറ് ലോക്‌സഭാ സീറ്റുകള്‍ മാത്രം.

2018 ലെ തിരിച്ചടി മറികടക്കാന്‍ പുല്‍വാമയും ബാലകോട്ടും അതിന് മുന്‍പ് നടന്ന സര്‍ജിക്കല്‍ സ്ട്രൈക്കും എല്ലാം ഫലപ്രദമായ പ്രചാരണ ആയുധമാക്കാന്‍ ബിജെപിക്കും മോഡിക്കും കഴിഞ്ഞിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ 2024 നെ ഈ സംസ്ഥാനങ്ങള്‍ എങ്ങനെ വരവേല്‍ക്കുമെന്ന് കാത്തിരുന്നു കാണണം. 2018 ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിനും ഇന്ത്യാ മുന്നണിക്കും ആശ്വസിക്കാം. മറിച്ചായാല്‍ ബിജെപിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.