തെലങ്കാനയ്ക്ക് ഇനി പുതിയ നായകന്‍; രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരമേല്‍ക്കും

തെലങ്കാനയ്ക്ക് ഇനി പുതിയ നായകന്‍; രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരമേല്‍ക്കും

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.04 നാണ് സത്യപ്രതിജ്ഞ. ചടങ്ങില്‍കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കും.

ഉപമുഖ്യമന്ത്രി അടക്കം അഞ്ചുപേരെങ്കിലും ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. കഴിഞ്ഞ സഭയിലെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന നേതാവും ദളിത് മുഖവുമായ മല്ലു ഭട്ടി വിക്രമാര്‍കെ ഉപമുഖ്യമന്ത്രി ആയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാവ് ഉത്തം കുമാര്‍ റെഡ്ഡിയും ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടുണ്ട്.

2014 ല്‍ രൂപീകൃതമായ തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് 56 കാരനായ രേവന്ത് റെഡ്ഡി. മല്‍കജ്ഗിരിയില്‍ നിന്നുള്ള എംപി കൂടിയാണ് ഇദേഹം. സംസ്ഥാനം രൂപീകരിച്ച ശേഷം കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ കെ. ചന്ദ്രശേഖര റാവുവായിരുന്നു മുഖ്യമന്ത്രി.

ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപിയിലൂടെയാണ് രേവന്ത് റെഡ്ഡി പൊതുപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്. പിന്നീട് തെലുങ്കുദേശം പാര്‍ട്ടിയില്‍ ചേര്‍ന്ന രേവന്ത് 2017 ലാണ് കോണ്‍ഗ്രസിലെത്തിയത്. 119 അംഗ തെലങ്കാന നിയമസഭയില്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. ഭരണകക്ഷിയായിരുന്ന ബിആര്‍എസ് 39 സീറ്റിലേക്ക് പിന്തള്ളപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.