ടി20 ലോകകപ്പിന് ഇനി പുത്തന്‍ ലുക്ക്; പുതിയ ലോഗോ അവതരിപ്പിച്ച് ഐസിസി

ടി20 ലോകകപ്പിന് ഇനി പുത്തന്‍ ലുക്ക്; പുതിയ ലോഗോ അവതരിപ്പിച്ച് ഐസിസി

ന്യൂഡല്‍ഹി: പുരുഷ-വനിത ടി20 ലോകകപ്പുകള്‍ക്കുള്ള പുതിയ ലോഗോ അവതരിപ്പിച്ച് ഐസിസി. ടി20 ക്രിക്കറ്റിലെ മൂന്ന് സുപ്രധാന ഘടങ്ങളായ ബാറ്റ്, ബോള്‍, എനര്‍ജി എന്നിവയെ ഉള്‍ക്കൊള്ളിച്ചാണ് പുതിയ ലോഗോ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു.

2024 ജൂണിലാണ് പുരുഷ ടി20 ലോകകപ്പ്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വനിത ലോകകപ്പും നടക്കും. ലോഗോയില്‍ ബാറ്റിന്റെ രൂപത്തിലാണ് ടി20 എന്ന് എഴുതിയിരിക്കുന്നത്. ലോഗോയില്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ടെക്സ്ചറുകളും പാറ്റേണുകളും ഉള്‍പ്പെടുത്തും.

വരാനിരിക്കുന്ന പുരുഷ ലോകകപ്പിന്റെ ലോഗോയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെയും അമേരിക്കയുടെയും ടെക്സ്ചറുകളായിരിക്കും ഇടം പിടിക്കുക. വെസ്റ്റ് ഇന്‍ഡീസ്, യുഎസ്എ എന്നിവിടങ്ങളാണ് പുരുഷ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2024 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്ന വനിത ലോകകപ്പിന് ബംഗ്ലാദേശാണ് ആതിഥേയത്വം വഹിക്കുന്നത്.

പുരുഷ ലോകകപ്പില്‍ 20 ടീമുകള്‍ പങ്കെടുക്കും. അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളിലായി 20 ടീമുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുക. ഓരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നേറും. എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി വേര്‍തരിച്ചാണ് സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ നടക്കുക. രണ്ട് ഗ്രൂപ്പിലും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ വീതം സെമിയിലേക്ക് യോഗ്യത നേടും.
ടി20 ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍:

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന വെസ്റ്റ് ഇന്‍ഡീസും യുഎസ്എയും നേരിട്ട് യോഗ്യത നേടിയിരുന്നു. ഇവര്‍ക്കൊപ്പം കഴിഞ്ഞ ലോകകപ്പില്‍ ആദ്യ എട്ട് സ്ഥാനം നേടിയ ടീമുകളും നേരിട്ടാണ് ലോകകപ്പിന് യോഗ്യത നേടിയത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതര്‍ലന്‍ഡ്സ് ടീമുകളാണ് ഇങ്ങനെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്.

ഐസിസി ടി20 റാങ്കിങില്‍ മുന്നിലുണ്ടായിരുന്ന അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളും ലോകകപ്പിന് നേരിട്ട് തന്നെ യോഗ്യത ഉറപ്പിച്ചിരുന്നു. യോഗ്യത റൗണ്ട് മത്സരം കളിച്ചാണ് ശേഷിക്കുന്ന ടീമുകള്‍ ലോകകപ്പിനെത്തുന്നത്. അമേരിക്കയില്‍ നിന്നും ലോകകപ്പിന് യോഗ്യത നേടിയ മറ്റൊരു ടീം കാനഡയാണ്. നേപ്പാള്‍, ഒമാന്‍ ടീമുകളാണ് ഏഷ്യയില്‍ നിന്നും യോഗ്യത നേടിയത്.

ഈസ്റ്റ് ഏഷ്യ-പസഫിക് മേഖലയില്‍ നിന്നും പപ്പുവ ന്യൂ ഗിനിയ ആണ് യോഗ്യത നേടിയ ടീം. യൂറോപ്പില്‍ നിന്നും അയര്‍ലന്‍ഡും സ്‌കോട്ലന്‍ഡും ഇക്കുറി ലോകകപ്പിനെത്തുന്നുണ്ട്. ആഫ്രിക്കയില്‍ നിന്നും നമീബിയ, ഉഗാണ്ട ടീമുകളും ലോകകപ്പിനെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.