കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. 'നവകേരള സദസിന്റെ ഭാഗമായുള്ള നവകേരള യാത്ര എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത് തികച്ചും വ്യത്യസ്തമായ അനുഭവമായെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ആശംസകള്‍...' യാത്രയ്ക്കിടയില്‍ മുഖ്യമന്ത്രി സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെ ഭൂരിപക്ഷം മന്ത്രിമാരും ആദ്യമായാണ് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. വാട്ടര്‍ മെട്രോയുടെ നീല തൊപ്പിയണിഞ്ഞാണ് മുഖ്യമന്ത്രി ഉള്‍പ്പെടെവര്‍ യാത്ര നടത്തിയത്.
കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്ന പ്രഭാത യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വാട്ടര്‍ മെട്രോയുടെ മാതൃക മന്ത്രിസഭയ്ക്ക് സമ്മാനിച്ചാണ് സംഘത്തെ വൈപ്പിനിലേക്ക് യാത്രയാക്കിയത്.
സര്‍വ്വീസ് ആരംഭിച്ച് ഏഴ് മാസത്തിനിടെ പന്ത്രണ്ടര ലക്ഷത്തിലധികം പേര്‍ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു. ലോകത്തിന് മുന്നില്‍ മറ്റൊരു കേരള മോഡല്‍ ആണ് കൊച്ചി വാട്ടര്‍ മെട്രോയിലൂടെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോയുടെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകള്‍ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടി.
നിലവില്‍ 12 ബോട്ടുകളുമായി ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍, ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-ബോള്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലാണ് സര്‍വ്വീസ് നടത്തുന്നത്. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.