അഭയാര്‍ത്ഥി ബോട്ടുകളില്‍ നിന്ന് ജപമാല മണികള്‍; 2025 ജൂബിലി വര്‍ഷത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പുറത്തുവിട്ട് സെന്റ് പീറ്റേഴ്സ് ബസിലിക്ക

അഭയാര്‍ത്ഥി ബോട്ടുകളില്‍ നിന്ന് ജപമാല മണികള്‍; 2025 ജൂബിലി വര്‍ഷത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പുറത്തുവിട്ട് സെന്റ് പീറ്റേഴ്സ് ബസിലിക്ക

വത്തിക്കാന്‍ സിറ്റി: 2025 ലെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്ക നടപ്പാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. 'പ്രത്യാശയുടെ തീര്‍ത്ഥാടകര്‍' എന്നതാണ് 2025-ലെ മുഖ്യ പ്രമേയം. അഭയാര്‍ത്ഥികളെയും തടവുകാരെയും സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി ഉള്‍പ്പെടെ രണ്ട് ചാരിറ്റി പ്രോജക്ടുകളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ഓരോ 25 വര്‍ഷം കൂടുമ്പോഴാണ് സാധാരണയായി ജൂബിലി വര്‍ഷം ആചരിക്കുന്നത്. 2025 ജൂബിലി വര്‍ഷത്തില്‍ 30 ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ റോമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ വരവേല്‍ക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണവും മറ്റു തയാറെടുപ്പുകള്‍ റോമില്‍ തുടരുകയാണ്.

രണ്ടു ചാരിറ്റി പ്രോജക്റ്റുകളില്‍ ആദ്യത്തേതിന് 'സമുദ്ര ജപമാലകള്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ഹൗസ് ഓഫ് ദി സ്പിരിറ്റ് ആന്‍ഡ് ആര്‍ട്ട്‌സ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

യൂറോപ്പിലെത്താന്‍ അനധികൃത കുടിയേറ്റക്കാര്‍ ഉപയോഗിക്കുന്ന ബോട്ടുകളുടെ തടിയില്‍ നിന്ന് ജപമാലകള്‍ നിര്‍മ്മിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ജോലികള്‍ സെന്റ് പീറ്റേഴ്സില്‍ പുരോഗമിക്കുകയാണ്. അഭയാര്‍ത്ഥി പശ്ചാത്തലമുള്ള രണ്ട് വ്യക്തികളാണ് ഇതിനു നേതൃത്വം നല്‍കുന്നത്. ഇതുകൂടാതെ ഇറ്റലിയിലുടനീളമുള്ള വിവിധ ജയിലുകളില്‍ തടവിലാക്കപ്പെട്ട വ്യക്തികളും ഈ ജപമാലകളുടെ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന, ഇറ്റലിയിലെ സന്നദ്ധ സംഘടനയാണ് ഹൗസ് ഓഫ് ദി സ്പിരിറ്റ് ആന്‍ഡ് ആര്‍ട്ട്‌സ് ഫൗണ്ടേഷന്‍. ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കാനും മതങ്ങള്‍ തമ്മിലുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കാനും ഏറ്റവും ദുര്‍ബലരായവരുടെ ജീവിതം മെച്ചെപ്പെടുത്താനും സംഘടന പ്രവര്‍ത്തിക്കുന്നു. സാംസ്‌കാരികവും കലാപരവുമായ വഴികളില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കുന്നതിലൂടെ ദുര്‍ബല വിഭാഗത്തിന്റെ അന്തസ് വീണ്ടെടുക്കുകയാണ് ലക്ഷ്യം.

രണ്ടാമത്തെ പ്രോജക്റ്റ്, തടവുകാര്‍ക്കും മുന്‍ തടവുകാര്‍ക്കും തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുകയാണ്. ഇതിനായി സന്നദ്ധ സംഘടനയായ സെക്കന്‍ഡ് ചാന്‍സ് അസോസിയേഷനുമായി വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്ക സഹകരിക്കും. തൊഴില്‍ പരിശീലനം, മാനസികാരോഗ്യ സേവനങ്ങള്‍, സാമ്പത്തിക സാക്ഷരത എന്നിവ നല്‍കി സ്വയം പര്യാപ്തത നേടാന്‍ ദരിദ്രരായ ചെറുപ്പക്കാരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സെക്കന്‍ഡ് ചാന്‍സ് അസോസിയേഷന്‍ ചെയ്യുന്നത്.

റോമിലെ റെബിബിയ ജയിലിലെ ഒരു തടവുകാരന്‍ ബസിലിക്കയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്നു. ഇതുകൂടാതെ വിറ്റെര്‍ബോയിലെ മമ്മഗിയല്ല ജയിലിലെ തടവുകാര്‍ ബാഗുകള്‍ നിര്‍മ്മിക്കുന്നു.

കഴിഞ്ഞ ദിവസം വത്തിക്കാനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്റ്റ് കര്‍ദ്ദിനാള്‍ മൗറോ ഗാംബെറ്റിയാണ് ചാരിറ്റി പദ്ധതികള്‍ വിശദീകരിച്ചത്. സെക്കന്‍ഡ് ചാന്‍സ് അസോസിയേഷന്റെയും ഹൗസ് ഓഫ് ദി സ്പിരിറ്റ് ആന്‍ഡ് ആര്‍ട്സിന്റെയും സ്ഥാപകരായ ഫ്‌ളാവിയ ഫിലിപ്പി, അര്‍നോള്‍ഡോ മൊണ്ടഡോരി, ഇറ്റലിയുടെ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ജിയോവാനി റൂസോ എന്നിവരും പങ്കെടുത്തു

1300 മുതലാണ് തിരുസഭയില്‍ ജൂബിലി ആഘോഷം ആരംഭിച്ചത്. ക്രിസ്തുവിന്റെ ജനനത്തിന് രണ്ടായിരം വര്‍ഷം തികഞ്ഞ 2000-ലെ മഹാജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ വിശുദ്ധ വര്‍ഷ ആചരണമാണ് 2025-ല്‍ നടക്കുക.

2024 ഡിസംബറില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ വിശുദ്ധ വാതില്‍ തുറക്കുന്നത് മുതല്‍ 2025 ഡിസംബറില്‍ അടക്കുന്നത് വരെ നിരവധി പരിപാടികളാണ് വത്തിക്കാന്‍ സംഘടിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.