ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കടിഞ്ഞാണിടാന്‍ ലോകത്താദ്യമായി നിയമനിര്‍മാണം നടത്തി യൂറോപ്യന്‍ യൂണിയന്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കടിഞ്ഞാണിടാന്‍ ലോകത്താദ്യമായി നിയമനിര്‍മാണം നടത്തി യൂറോപ്യന്‍ യൂണിയന്‍

വാഷിംഗ്ടണ്‍ ഡിസി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകട സാധ്യതകളെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ലോകത്തിലെ ആദ്യത്തെ നിയമനിര്‍മാണത്തിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം. സി.എന്‍.എന്നാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എ.ഐ ആക്ട് എന്ന് പേര് നല്‍കിയിരിക്കുന്ന നിയമ ചട്ടക്കൂടിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുന്നോട്ട് വെക്കുന്ന അപകട സാധ്യതകളെ നിയന്ത്രിക്കുകയാണ് ലക്ഷ്യം.

യു.എസ്, ചൈന, യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ മറികടന്നാണ് യൂറോപ്യന്‍ യൂണിയന്‍ നിര്‍മിതബുദ്ധിയെ നിയന്ത്രിക്കുന്നതിനായുള്ള നിയമനിര്‍മാണം നടത്തിയത്. യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളും തമ്മില്‍ നടന്ന 38 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് വെള്ളിയാഴ്ച എ.ഐ ആക്ടിന് അംഗീകാരം നല്‍കിയത്.

മനുഷ്യരാശിക്ക് ഭീഷണിയായി 'നിര്‍മിത ബുദ്ധി' അഥവാ 'എഐ' മാറുന്ന കാഴ്ചയാണിപ്പോള്‍ കാണേണ്ടി വരുന്നതെന്ന വിലയിരുത്തലിലാണ് യൂറോപ്യന്‍ യൂണിയന്‍. ആളുകളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ജീവനോപാധികള്‍ക്കും മൗലികാവകാശങ്ങള്‍ക്കും ഭീഷണിയായി മാറുന്ന എ.ഐയുടെ അപകടകരമായ ഉപയോഗത്തിന് നിയമം നിരോധനം ഏര്‍പ്പെടുത്തുന്നു.

ലോകവ്യാപകമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിനാശകരമായ കഴിവുകളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനിടയിലാണ് യൂറോപ്യന്‍ യൂണിയന്‍ നിയമനിര്‍മ്മാതാക്കളുടെ സുപ്രധാന തീരുമാനം.

ചരിത്രപ്രധാനം' എന്നാണ് നിയമനിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച യൂറോപ്യന്‍ കമ്മീഷണറായ തിയറി ബ്രെട്ടണ്‍ ഈ കരാറിനെ വിശേഷിപ്പിച്ചത്. എഐ മാത്രമല്ല സോഷ്യല്‍ മീഡിയയും സെര്‍ച്ച് എഞ്ചിനുകളും പുതിയ നിയമം വഴി നിയന്ത്രിക്കപ്പെടും. എക്സ്, ടിക് ടോക്ക്, ഗൂഗിള്‍ ഉള്‍പ്പടെയുള്ള പ്രധാന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെല്ലാം ഈ നിയമത്തിന്‍ കീഴില്‍വരും.

യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്സോള ഈ നിയമത്തെ സന്തുലിതവും മനുഷ്യകേന്ദ്രീകൃതവുമായ സമീപനം എന്നാണ് വിശേഷിപ്പിച്ചത്. വരും വര്‍ഷങ്ങളില്‍ നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട ആഗോള മാനദണ്ഡങ്ങള്‍ക്ക് ഇത് ഒരു മാതൃകയായിരിക്കുമെന്നും അവര്‍ വിശേഷിപ്പിച്ചു.

നിയമത്തിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2025 ന് മുമ്പ് തന്നെ നിയമം നിലവില്‍വന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മിത ബുദ്ധിയെ നിയന്ത്രിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ തയ്യാറാക്കിയ ശക്തവും സമഗ്രവുമായ നിയന്ത്രണം മറ്റ് ഭരണകൂടങ്ങള്‍ക്ക് മികച്ചൊരു മാതൃക സൃഷ്ടിക്കുമെന്നാണ് വിദഗ്ദര്‍ വിശ്വസിക്കുന്നത്.

2022 നവംബറില്‍ ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജി.പി.ടി ആരംഭിച്ചതിനു ശേഷമാണു കൃത്രിമബുദ്ധി മുഖ്യധാരയിലേക്ക് പ്രവേശിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള അസൈന്മെന്റ് എഴുതുക മുതല്‍ കലാകാരന്മാരുടെ മൗലിക സൃഷ്ടികള്‍ അനുകരിക്കപ്പെടുന്നത് വരെ കൃത്രിമ ബുദ്ധിയുടെ സ്വാധീനം വര്‍ദ്ധിച്ചിരുന്നു. അനവധി തൊഴിലുകള്‍ സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തോടെ ഇല്ലാതാകുമെന്നാണ് കരുതപ്പെട്ടിരുന്നത്

ഇരുകൈയും നീട്ടി സ്വീകരിച്ച സാങ്കേതികവിദ്യകളില്‍ പലതും മനുഷ്യര്‍ക്ക് ബുദ്ധിമുട്ടായി തുടങ്ങിയിരിക്കുന്നു. ഒരു വശത്ത് ആളുകള്‍ എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ക്ക് കയ്യടിക്കുമ്പോള്‍ മറ്റൊരു വശത്ത് എഐയുടെ ദൂഷ്യഫലങ്ങള്‍ ആളുകള്‍ ഇപ്പോള്‍ അനുഭവിച്ചു തുടങ്ങിയിരിക്കുകയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.