ജമ്മു കാശ്മീര്‍: പ്രത്യേക പദവി റദ്ദാക്കിയ വിധി ശരിവച്ച് സുപ്രീം കോടതി

ജമ്മു കാശ്മീര്‍: പ്രത്യേക പദവി റദ്ദാക്കിയ വിധി ശരിവച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന് പരമാധികാരമില്ലെന്നും ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമാണെന്നും സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ജമ്മു -കാശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത ഹര്‍ജിയിലാണ് സുപ്രധാന വിധി. ആര്‍ട്ടിക്കിള്‍ 370(3) പ്രകാരം പ്രത്യേക പദവി റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.

എന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി ഹര്‍ജിക്കാര്‍ പ്രത്യേകം ചോദ്യം ചെയ്യാത്തതിനാല്‍ ഇടപെടുന്നില്ലെന്നും കോടതി നിലപാട് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

ഇന്ത്യയുമായുള്ള ജമ്മു കാശ്മീരിന്റെ കൂടിച്ചേരല്‍ സുഗമമാക്കാന്‍ താത്കാലികമായി ഉള്‍പ്പെടുത്തിയതാണ് ഭരണഘടനയുടെ 370-ാം അനുഛേദമെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചു. അത് മാറ്റത്തിന് വിധേയമാണെന്നും ജമ്മു കാശ്മീരിന് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രത്യേക അവകാശങ്ങളില്ലെന്നും വിധിയില്‍ പറയുന്നു. കൂടാതെ ജമ്മു കാശ്മീര്‍ ഇന്ത്യയുടെ പരമാധികാരം അംഗീകരിച്ചതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

23 ഹര്‍ജികളാണ് ബെഞ്ച് പരിഗണിച്ചത്. ഈ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നിലനില്‍ക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.