ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പ്രതിഷേധത്തില്‍ അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ ഇന്ന് പ്രതിഷേധം പുനരാവിഷ്‌കരിക്കും. അതേസമയം യഥാര്‍ത്ഥ പദ്ധതി നടന്നില്ലേല്‍ പ്ലാന്‍ ബി ഉണ്ടായിരുന്നുവെന്ന് പിടിയിലായ പ്രതികളിലൊരാള്‍ ലളിത് ഝാ പൊലീസിന് മൊഴി നല്‍കി.
നിലവില്‍ നടപ്പിലാക്കിയ പ്ലാന്‍ എ അല്ലാതെ പ്ലാന്‍ ബിയും മുഖ്യസൂത്രധാരന്‍ ലളിത് ഝാ തയാറാക്കിയിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ നീലത്തിനും അമോലിനും പാര്‍ലമെന്റിന് സമീപം എത്താന്‍ സാധിച്ചില്ലെങ്കില്‍ മഹേഷും കൈലാഷും മറ്റൊരു ദിശയില്‍ നിന്ന് പാര്‍ലമെന്റിനകത്ത് കയറണമെന്നും കളര്‍ ബോംബുകള്‍ കത്തിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുദ്രാവാക്യം വിളിക്കണമെന്നുമായിരുന്നു പ്ലാന്‍ ബി.
എന്നാല്‍ സംഘം താമസിച്ചിരുന്ന ഗുരുഗ്രാമിലെ വിശാല്‍ ശര്‍മ്മയുടെ വീട്ടില്‍ മഹേഷും കൈലാഷിനും എത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് എന്ത് വില കൊടുത്തും പാര്‍ലമെന്റിന് പുറത്ത് ഏല്‍പ്പിച്ചിരിക്കുന്ന ചുമതല പൂര്‍ത്തിയാക്കാന്‍ അമോലിനോടും നീലത്തോടും നിര്‍ദേശിക്കുകയായിരുന്നുവെന്നും ലളിത് ഝാ പൊലീസിന് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൃത്യം നടത്തിയതിന് ശേഷം ഒളിവില്‍ പോകാനും ലളിത് പദ്ധതിയിട്ടിരുന്നു. ഈ പദ്ധതി പ്രകാരം ലളിതിനെ രാജസ്ഥാനില്‍ ഒളിവില്‍ താമസിക്കാന്‍ സഹായം ചെയ്യാനുള്ള ചുമതല മഹേഷിന് നല്‍കുകയായിരുന്നു. മഹേഷ് തന്റെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് ലളിതിന് ഗസ്റ്റ് ഹൗസില്‍ താമസം ഒരുക്കിയിരുന്നു.
ലളിത്, മഹേഷ്, കൈലാഷ് എന്നിവര്‍ തുടര്‍ച്ചയായി പ്രതിഷേധത്തിന്റെ വിവരങ്ങള്‍ ടിവിയിലൂടെ വീക്ഷിച്ചുകൊണ്ടിരുന്നുവെന്ന് പൊലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. ലളിതും മഹേഷും വ്യാഴാഴ്ച രാത്രി കര്‍ത്തവ്യ പാത പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ലളിത് ഝാ, സാഗര്‍, മനോരഞ്ജന്‍ എന്നിവര്‍ കഴിഞ്ഞ വര്‍ഷം മൈസൂരുവില്‍വെച്ചാണ് പാര്‍ലമെന്റില്‍ കടന്നുകയറി പ്രതിഷേധിക്കാന്‍ തീരുമാനമെടുത്തതെന്നാണ് ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍. ഗുരുഗ്രാമിലെ വിശാല്‍ ശര്‍മയുടെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.