ജയ്പുര്‍: ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ ദളിത് യുവതിയെ ബലാല്‍സംഗം ചെയ്തു. കാണ്‍പുരില്‍ നിന്ന് ജയ്പുരിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20 കാരിയാണ് പീഡനത്തിന് ഇരയായത്. ബസ് ജീവനക്കാരായ ആരിഫ്, ലളിത് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.
അടച്ചിട്ട ക്യാബിനില്‍ വച്ചാണ് യുവതി പീഡനത്തിന് ഇരയായത്. ജയ്പുരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കനോതയില്‍ എത്തിയപ്പോള്‍ യുവതി എമര്‍ജന്‍സി അലാറം മുഴക്കിയതോടെ ബസിലെ മറ്റു യാത്രക്കാര്‍ ഇടപെടുകയായിരുന്നു. ആരിഫിനെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടിയെങ്കിലും ലളിത് ഓടി രക്ഷപ്പെട്ടു.
ആരിഫിനെ പൊലീസിന് കൈമാറി. ഇയാള്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണെന്നും ലളിതിനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. രാജ്യം നടുങ്ങിയ നിര്‍ഭയ കേസിന് 11 വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം തന്നെയാണ് സമാനമായ മറ്റൊരു സംഭവം പുറത്തു വന്നത് എന്നതാണ് ഏറെ സങ്കടകരം.
രാജ്യത്തിന്റെ ഇടനെഞ്ചിലേക്ക് പാഞ്ഞുകയറിയ നിര്‍ഭയയുടെ നിലവിളിക്ക് ഇന്ന് ഇന്ന് പതിനൊന്ന് വര്‍ഷമാകുന്നു. 2012 ഡിസംബര്‍ 16ന് രാത്രി ഒന്‍പതിന് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ ഓര്‍മ്മകള്‍ രാജ്യത്തെ ഇന്നും വേട്ടയാടുകയാണ്.
സംഭവത്തിന് ശേഷം രാജ്യത്തെ സ്ത്രീകളെ 'സുരക്ഷിത'മാക്കാന്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തു. എന്നിട്ട് ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നത്. എന്‍സിആര്‍ബി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 4,45,256 ആണെന്ന് എന്‍സിആര്‍ബി വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാല് ശതമാനം വര്‍ധനവാണിത്.
ഡല്‍ഹിയില്‍ പ്രതിദിനം മൂന്ന് ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ പൂനെയില്‍ 28.34% വര്‍ധനവുണ്ടായി. സ്ത്രീകള്‍ക്കെതിരായ ഏറ്റവും കൂടുതല്‍ ആസിഡ് ആക്രമണങ്ങള്‍ ബംഗളൂരുവിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരമായ കൊല്‍ക്കത്തയിലും അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.