ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ആദ്യ ഏകദിനത്തിന് മഴ ഭീഷണി, അരങ്ങേറ്റത്തിന് റിങ്കു സിംഗ്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ആദ്യ ഏകദിനത്തിന് മഴ ഭീഷണി, അരങ്ങേറ്റത്തിന് റിങ്കു സിംഗ്

ജൊഹന്നസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം ഇന്ന് ഉച്ച കഴിഞ്ഞ് 1.30 മുതലാണ് മല്‍സരം. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ അവസാന മല്‍സരം ജയിച്ച് പരമ്പര സമനിലയിലാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇറങ്ങുന്നത്.

കെഎല്‍ രാഹുലാണ് നായകന്‍. അതേ സമയം, ടി20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റിങ്കു സിംഗ് ഇന്ന് അവസാന പതിനൊന്നില്‍ ഇടംപിടിക്കുമെന്നാണ് കെഎല്‍ രാഹുല്‍ നല്‍കിയിരിക്കുന്ന സൂചന.

പരിക്കു മൂലം ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവ നഷ്ടമായ അക്‌സര്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. യൂസ് വേന്ദ്ര ചാഹലും ടീമിലുണ്ടാകും. പരിക്ക് മൂലം ഏറെക്കാലമായി ടീമിലിടം നേടാത്ത ഇരുവര്‍ക്കും മികച്ച തിരിച്ചുവരവിനുള്ള അവസരമാകും ഇന്നത്തെ മല്‍സരം. സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് ആയതിനാല്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാകും ടീം ഇന്ത്യ ഇറങ്ങുക. കുല്‍ദീപ് യാദവോ ചാഹലോ ഒരാള്‍ പുറത്തിരിക്കേണ്ടി വരും.

ദീപക് ചാഹറിന് സ്ഥാനം നഷ്ടമാകും. മലയാളി താരം സഞ്ജു സാംസണും അവസാന പതിനൊന്നില്‍ ഇടംപിടിക്കും. ഓഗസ്റ്റില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ഇതാദ്യമായാണ് സഞ്ജു ഇന്ത്യയ്ക്കായി കളിക്കുന്നത്.

തുടര്‍ന്ന് നടന്ന ഏഷ്യാകപ്പില്‍ രാഹുലിന് പകരക്കാരനായി ടീമിലിടം നേടിയെങ്കിലും കളിക്കാന്‍ അവസരം സഞ്ജുവിന് ലഭിച്ചിരുന്നില്ല. അവസാന മല്‍സരങ്ങളില്‍ കെഎല്‍ രാഹുല്‍ തിരിച്ചെത്തിയതോടെ ടീമില്‍ നിന്നും സഞ്ജു പുറത്താകുകയും ചെയ്തു.

സഞ്ജു മധ്യനിരയില്‍ ബാറ്റ് ചെയ്യുമെന്നും അഞ്ചോ ആറോ പൊസിഷനിലാകും സഞ്ജു ബാറ്റ് ചെയ്യുകയെന്നും നായകന്‍ കെഎല്‍ രാഹുല്‍ പറഞ്ഞു. അതേ സമയം, സ്ഥിരം വിക്കറ്റ് കീപ്പറായ സഞ്ജുവിന് കീപ്പിംഗ് ലഭിക്കാന്‍ സാധ്യത കുറവാണ്.

ടീം ഇന്ത്യ സ്‌ക്വാഡ്

രജത് പാട്ടിദാര്‍, സായ് സുദര്‍ശന്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, അവേഷ് ഖാന്‍, സഞ്ജു സാംസണ്‍, യൂസ് വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.