അനധികൃത കുടിയേറ്റം തടയാന്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ 61 അഭയാര്‍ത്ഥികള്‍ മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് തകര്‍ന്ന് മരിച്ചു

അനധികൃത കുടിയേറ്റം തടയാന്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ 61 അഭയാര്‍ത്ഥികള്‍ മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് തകര്‍ന്ന് മരിച്ചു

ട്രിപ്പോളി (ലിബിയ): യൂറോപ്പിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 61 അഭയാര്‍ത്ഥികള്‍ മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് തകര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ആണ് 61 കുടിയേറ്റക്കാര്‍ പശ്ചിമ ലിബിയന്‍ നഗരമായ സുവാരയ്ക്ക് സമീപം കടലില്‍ മുങ്ങിമരിച്ചതായി അറിയിച്ചത്. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് 120 കിലോമീറ്റര്‍ പടിഞ്ഞാറായാണ് അപകടം. മരിച്ച 61 പേരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.

ലിബിയന്‍ നഗരമായ സുവാരയില്‍ നിന്നും 86 പേരുമായാണ് ബോട്ട് യൂറോപ്പ് ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്. തിരമാലയില്‍ ബോട്ട് തകരുകയായിരുന്നു. കുട്ടികളുള്‍പ്പെടെ 60 പേരെ കാണാതായി. രക്ഷപ്പെട്ട ഇരുപത്തിയഞ്ചോളം പേരെ ലിബിയയിലെ തടവുകേന്ദ്രത്തിലേക്ക് മാറ്റി.

മധ്യ മെഡിറ്ററേനിയന്‍ ഭാഗം ഏറ്റവും അപകടകരമായ കുടിയേറ്റ റൂട്ടായി മാറിയതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനേസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷം ഇതുവരെ 15,383 അനധികൃത കുടിയേറ്റക്കാരെ രക്ഷപെടുത്തി തിരികെ ലിബിയയിലേക്ക് കൊണ്ടുവന്നതായി ഐഒഎം പറയുന്നു.

ജൂണില്‍ ലിബിയയില്‍ നിന്ന് നൂറുകണക്കിന് കുടിയേറ്റക്കാരുമായി പുറപ്പെട്ട മല്‍സ്യബന്ധന ബോട്ട് ഗ്രീസ് തീരത്തിനടുത്ത് വെച്ച് മുങ്ങി 78 പേരാണ് മരിച്ചത്. 2023ന്റെ ആദ്യ പാദത്തില്‍ യൂറോപ്പ് ലക്ഷ്യമാക്കി പുറപ്പെട്ട 2,200 കുടിയേറ്റക്കാര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് ഐഒഎമ്മിന്റെ കണക്ക്. ഇതില്‍ 1,727 പേര്‍ക്ക് ജീവന്‍ നഷ്ടമായത് മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള കുടിയേറ്റ ശ്രമത്തിനിടയിലും. ടുണീഷ്യയിലാണ് ഇത്തരത്തില്‍ കൂടുതല്‍ മരണങ്ങളും ഉണ്ടായിട്ടുള്ളത്. രണ്ടാമത് ലിബിയയിലും.

ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയ, ഗാംബിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചതില്‍ ഏറെയും.

ഈ വര്‍ഷം ടുണീഷ്യ, ലിബിയ എന്നിവിടങ്ങളില്‍ നിന്നായി 153,000 പേര്‍ ഇറ്റലിയിലെത്തിയതായാണ് കണക്ക്. ശനിയാഴ്ച യുകെ പ്രധാനമന്ത്രി റിഷി സുനക്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ് മെലാനി, അല്‍ബേനിയ പ്രധാനമന്ത്രി എഡി റാമ എന്നിവര്‍ അനധികൃത കുടിയേറ്റം തടയുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.