കർദിനാൾ മാർ ആലഞ്ചേരിയുടെ പൗരോഹിത്യ വാർഷികം: സീറോ മലബാർ ആസ്ഥാനത്തേക്ക് വിശ്വാസികളുടെ പ്രവാഹം

കർദിനാൾ മാർ ആലഞ്ചേരിയുടെ പൗരോഹിത്യ വാർഷികം: സീറോ മലബാർ ആസ്ഥാനത്തേക്ക് വിശ്വാസികളുടെ പ്രവാഹം

കൊച്ചി: ക്രിസ്തുവിനെപ്പോലെ സ്വയം ശൂന്യവത്കരണമാണ് വൈദിക ശുശ്രൂഷയുടെ അന്തസത്തയെന്ന് പൊതുസമൂഹത്തിന് കാണിച്ചു കൊടുത്ത കർദിനാൾ മാർ ജോർജ് ആലഞ്ചേരി വൈദികനായിട്ട് 2023 ഡിസംബർ 18-ന് 52 വർഷം പൂർത്തിയാകുന്നു. ആരും അറിയപ്പെടാത്ത തക്കല എന്ന കൊച്ചു രൂപതയിൽ നിന്ന് കെ.എസ്.ആർ.ടി .സി ബസ്സിൽ കറുത്ത ബാഗുമായി ചങ്ങനാശ്ശേരിയിൽ വന്നിറങ്ങിയിരുന്ന ആ മെത്രാനെയാണ് ദൈവം 50 ലക്ഷം വിശ്വാസികളുടെ തലവനായി 2011-ൽ തെരെഞ്ഞെടുത്തതെന്ന് നാം ഓർക്കണം.

എല്ലാ മനുഷ്യര്‍ക്കും ശുശ്രൂഷ ചെയ്തു കൊണ്ട് അവരെ വിശുദ്ധിയുടെ പൂര്‍ണ്ണതയിലേയ്ക്ക് നയിക്കുന്നതിനും ക്രിസ്തുവിന്‍റെ മൗതികശരീരത്തെ പടുത്തുയര്‍ത്തുന്നതിനും വേണ്ടിയാണ് പിതാവിന്റെ പൗരോഹിത്യ ജീവിതം മുഴുവൻ സമയം നീക്കിവച്ചത്. 2023-ൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടുള്ള സ്ഥാനത്യാഗം. അതിനു ശേഷം അദ്ദേഹത്തെ കാണാനായി നൂറുകണക്കിനാളുകളാണ് സഭാ ആസ്ഥാനത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്.

കത്തോലിക്കാ സഭയിൽ ഒരാൾ 52 വർഷങ്ങൾ പുരോഹിതൻ, 27 വർഷങ്ങൾ മെത്രാൻ,12 വർഷങ്ങൾ മേജർ ആർച്ച് ബിഷപ്പ് എന്നിവ ആയിരിക്കുക അത്ര എളുപ്പമല്ല. മാർ ജോർജ് ആലഞ്ചേരി പിതാവ് ഒരേസമയം പ്രവാചക ധീരതയും ലാളിത്യവും ജീവിതത്തിൽ കൊണ്ടു നടക്കുന്ന വ്യക്തിയാണ്. സീറോ മലബാർ സഭയെ ഉത്തരാധുനിക യുഗത്തിൽ നയിക്കുകയെന്ന കനത്ത വെല്ലുവിളിയാണ് അദ്ദേഹം നേരിട്ടത്. സീറോ മലബാർ സഭ, ആഗോള സഭയിൽ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ സാന്നിധ്യവും ഇടപെടലും കൊണ്ടായിരുന്നു.

സമൂഹത്തിലെ ഏറ്റവും ചെറിയവർ പോലും ഫോൺ വിളിച്ചാൽ സംസാരിക്കാനും, തിരിച്ചു വിളിച്ച്‌ കാര്യങ്ങൾ അന്വേഷിക്കാനും സാധിക്കുന്ന അദ്ദേഹത്തെപ്പോലെ ഒരു സഭാതലവനെ ഇന്ന് കണ്ടെത്താൻ ഏറെ വിഷമകരമാണ്. പ്രതിസന്ധികൾ കൂട്ടത്തോടെ മുന്നിൽ വരുമ്പോൾ അദ്ദേഹം പ്രകടിപ്പിക്കുന്ന ദൈവാശ്രയത്വ ബോധം നാളെ ഒരു പക്ഷെ പൊതുസമൂഹം തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ കാലശേഷമായിരിക്കാം.

സഭയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശങ്ങളായി വിശ്വാസികൾ മേജർ ആർച്ച് ബിഷപ്പായ അദ്ദേഹത്തിന് നൽകുന്നത് പരിഗണിക്കുകയും വേണ്ട സമയങ്ങളിൽ പ്രയോഗത്തിൽ വരുത്താൻ ശ്രമിച്ച ദത്തശ്രദ്ധനുമായിരുന്ന ഇടയനാണ് മാർ ആലഞ്ചേരി. സീറോ മലബാർ സഭ ഏറ്റവും കൂടുതൽ വളർച്ച പ്രാപിച്ചത്‌ 2011 -2023 കാലഘട്ടത്തിൽ തന്നെയാണ്. എപ്പോഴും സീറോ മലബാർ സിനഡിന്റെയും വിശ്വാസികളുടേയും പിന്തുണ ഏറ്റവും കൂടുതൽ ലഭിച്ച അദ്ദേഹത്തിന്റെ എല്ലാ തീരുമാനങ്ങളും അവരുടെ പിന്തുണ കൊണ്ടാണ് മുന്നോട്ട് പോയത്.

ലോകത്ത് ഒരാളെ അടയാളപ്പെടുത്തുവാനായി ഒന്നും തന്നെയില്ലെങ്കിൽ ആ വ്യക്തി അവശേഷിപ്പിച്ചുപോയ മാറ്റങ്ങൾ ഒരടയാളമായി അവശേഷിക്കും. സീറോ മലബാർ സഭയിലെ എന്നെ പോലൊരു ശരാശരി വിശ്വാസിക്ക് ഭാഷയുടെയും ഭൂമിയുടെയും വിശ്വാസത്തിന്റെയും അതിരുകൾക്കപ്പുറം വിശാലമായി ചിന്തിക്കാനും ആത്മീയതയിലേക്ക് കൈപിടിച്ച് എത്തുവാനും കഴിഞ്ഞത് യാദ്യച്ഛികതയോ ഭാഗ്യമോ മൂലമല്ല,മറിച്ച് ചതഞ്ഞ ഞങ്ങണ ഒടിക്കാതെയും, പുകയുന്ന തിരി കെടുത്താതെയും ഋഷിതുല്യമായ സൗമ്യതയോടെ സ്നേഹവും, മനുഷ്യത്വവും കൊണ്ട് ജീവിതത്തിന്റെ നേർവഴികളിലൂടെ സഞ്ചരിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഇടയനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെന്ന താപസശ്രേഷ്ഠന്റെ സഭയിലെ അംഗങ്ങളായതു കൊണ്ടാണ്.
നമ്മുടെ സഭയുടെ നഷ്ടങ്ങൾ നാം തിരിച്ചറിയുന്നത്, നഷ്ടപ്പെടുമ്പോൾ മാത്രമാണ്. ഇവിടെ നഷ്ടപ്പെടുന്നത് വ്യക്തികൾക്കല്ല, തലമുറകൾക്കാണ്, സഭയ്ക്കാണ്. മാർ ജോർജ് ആലഞ്ചേരിപ്പോലെയുള്ള ആത്മീയ നേതാക്കളുടെ സംഭാവനകൾ നമ്മുടെ തലമുറകൾ തിരിച്ചറിയുന്നത് ഏറെ വൈകിയായിരിക്കും. സീറോ മലബാർ സഭയുടെ ഭാവിയുടെ പ്രചോദനവും രൂപപ്പെടുന്നത് അദ്ദേഹത്തെപ്പോലെയുള്ള ദീർഘദർശികളുടെ പ്രയത്നഫലം കൊണ്ടായിരിക്കുമെന്ന് തീർച്ചയാണ്. പിതാവിന് എല്ലാ സഭാമക്കളുടെയും സ്‌നേഹപൂർവ്വമായ ആശംസകൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.