'ഇത് നമോക്രസി': മോഡിയുടേത് ജനാധിപത്യത്തെ തകര്‍ക്കുന്ന സ്വേച്ഛാധിപത്യ സര്‍ക്കാര്‍; രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന ഖാര്‍ഗെ

'ഇത് നമോക്രസി': മോഡിയുടേത് ജനാധിപത്യത്തെ തകര്‍ക്കുന്ന സ്വേച്ഛാധിപത്യ സര്‍ക്കാര്‍; രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന ഖാര്‍ഗെ

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ ബിജെപി സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. അപകടകരമായ ബില്ലുകള്‍ അര്‍ത്ഥവത്തായ ചര്‍ച്ചകളില്ലാതെ പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത് നമോക്രസി ആണെന്നുമാണ് ഖാര്‍ഗെയുടെ വിമര്‍ശനം.

മോഡി സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കാനനാണ് ആഗ്രഹിക്കുന്നത്. ക്രിമിനല്‍ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ബില്ലുകള്‍ ലോക്‌സഭയുടെ പരിഗണനയ്ക്ക് വച്ച സാഹചര്യത്തില്‍ സഭയില്‍ നിന്ന് പ്രതിപക്ഷാംഗങ്ങളെ മാറ്റിനിര്‍ത്താനാണ് സര്‍ക്കാരിന്റെ ഉദേശ്യമെന്ന് ഖാര്‍ഗെ ആരോപിച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ വിയോജിപ്പുകളും എതിര്‍പ്പുകളും ജനങ്ങള്‍ കേള്‍ക്കുന്നത് തടയാനാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അതിനായി നിയമനിര്‍മാണ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുക, പുറത്താക്കുക എന്ന നയമാണ് ഭരണ പക്ഷം സ്വീകരിക്കുന്നത്.

141 പ്രതിപക്ഷ എംപിമാരെ പാര്‍ലമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത് ഈ രാജ്യത്തെ ജനാധിപത്യത്തെ തകര്‍ക്കാന്‍ ഒരു സ്വേച്ഛാധിപത്യ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ്. പൗരന്മാരുടെ അവകാശങ്ങളെ തടയുന്ന അതിക്രൂരമായ അധികാരക്രമങ്ങള്‍ അനുവദിക്കുന്ന ക്രിമിനല്‍ നിയമഭേദഗതി പോലെയുള്ള പ്രധാന ബില്ലുകള്‍ പരിഗണനയ്ക്കുവെക്കുമ്പോഴാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്നതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.

പാര്‍ലമെന്റിലുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തണമെന്നും അതേക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തുകയും ചെയ്യണമെന്ന ആവശ്യവുമായി പ്രതിഷേധിച്ചതിന് ശശി തരൂര്‍, കെ. സുധാകരന്‍, അടൂര്‍ പ്രകാശ്, അബ്ദുള്‍ സമദ് അടക്കം അന്‍പത് എംപിമാരെയാണ് ഇന്ന് സസ്പെന്‍ഡ് ചെയ്തത്. ബഹളത്തിന്റെ പേരില്‍ ഈ സമ്മേളന കാലയളവില്‍ ഇതുവരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി സസ്പെന്‍ഡ് ചെയ്യപ്പെട്ടത് 141 പ്രതിപക്ഷ എംപിമാരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.