സ്‌കൂളിലേക്ക് പോകും വഴി ഹൃദയാഘാതം; കര്‍ണാടകയില്‍ 12 വയസുകാരിക്ക് ദാരുണാന്ത്യം

സ്‌കൂളിലേക്ക് പോകും വഴി ഹൃദയാഘാതം; കര്‍ണാടകയില്‍ 12 വയസുകാരിക്ക് ദാരുണാന്ത്യം

ചിക്കമംഗളൂരു: സ്‌കൂളിലേക്ക് പോകും വഴി 12 വയസുകാരി ഹൃദയാഘാതം മൂലം മരിച്ചു. കര്‍ണാടക ചിക്കമംഗളൂരു ജില്ലയിലെ മുഡിഗെരെ താലൂക്കിലെ ജോഗന്നകെരെ ഗ്രാമത്തിലെ അര്‍ജുന്റെയും സുമയുടെയും മകള്‍ സൃഷ്ടി (12) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം.

ദാരദഹള്ളി ഗ്രാമത്തിലെ സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സൃഷ്ടി രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് പോവുകയായിരുന്നു. സ്‌കൂളിന് അടുത്തെത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. സഹപാഠികളും നാട്ടുകാരും ചേര്‍ന്ന് സൃഷ്ടിയെ ഉടന്‍ തന്നെ സ്‌കൂളിന് മുന്നിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും അവിടെ ഡോക്ടര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കുട്ടിയെ മുഡിഗെരെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് മുഡിഗെരെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

പരിശീലനം നടക്കുന്നുണ്ടെന്ന കരാണം പറഞ്ഞ് 20 ദിവസമായി ഡോക്ടര്‍മാര്‍ ഇവിടുത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ ഇവിടെ സേവനത്തിനായി മറ്റൊരു ഡോക്ടറെ അയച്ചിട്ടുമില്ല. ഇവിടെ ഡോക്ടര്‍ ഉണ്ടായിരുന്നെങ്കില്‍ 12 വയസുകാരിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ജോഗന്നകെരെ ഗ്രാമപഞ്ചായത്ത് അംഗം വിക്രം പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.