മുഖ്യമന്ത്രിക്ക് തിരിച്ചടി; യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച ഗണ്‍മാനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

മുഖ്യമന്ത്രിക്ക് തിരിച്ചടി; യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച ഗണ്‍മാനെതിരെ കേസെടുക്കാന്‍  കോടതി ഉത്തരവ്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കാന്‍ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. മര്‍ദനമേറ്റവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

ഗണ്‍മാന്‍ അനില്‍, സുരക്ഷ ഉദ്യോഗസ്ഥന്‍ സന്ദീപ് കണ്ടാല്‍ അറിയുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ആലപ്പുഴ സൗത്ത് പൊലീസിനോടാണ് കോടതിയുടെ നിര്‍ദേശം. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അജയ് ജ്യുവല്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസ് എന്നിവരാണ് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍, സെക്യൂരിറ്റി ഓഫീസര്‍ സന്ദീപ് എന്നിവര്‍ക്കെതിരെ ഐപിസി 294 ബി, 326,324 പ്രകാരം കേസെടുക്കണമെന്നാണ് ഹര്‍ജി.

ജോലിയുടെ ഭാഗമായി നടത്തിയ ഇടപെടലാണെന്നായിരുന്നു ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്നാണ് വീഡിയോ സഹിതം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. ഹര്‍ജി പരിഗണിച്ച കോടതി കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

ഡിസംബര്‍ 16 ന് ആലപ്പുഴ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് പോകുമ്പോള്‍ ജനറല്‍ ആശുപത്രി ജങ്ഷനില്‍ മുദ്രാവാക്യം മുഴക്കിയ ഇരുവരെയും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കസ്റ്റഡിയിലെടുത്ത് റോഡരികിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്ന് ഗണ്‍മാനും സെക്യൂരിറ്റി ഓഫീസറും ലാത്തിയുമായി ചാടിയിറങ്ങി ക്രൂരമായി മര്‍ദ്ദിച്ചത്. തോമസിന്റെ തലപൊട്ടുകയും അജയ് ജ്യുവലിന്റെ കൈ ഒടിയുകയും ചെയ്തു.

ഇരുവരും സൗത്ത് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ട് തേടിയപ്പോള്‍, ഒഴിവാക്കാനാകാത്ത സാഹചര്യത്തിലായിരുന്നു ലാത്തിയടിയെന്നാണ് സൗത്ത് പൊലീസ് മറുപടി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മര്‍ദ്ദനത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.