സ്വന്തം നാട്ടില്‍ ബോംബിട്ട് പാക് വ്യോമ സേന; സ്ത്രീകളും കുട്ടികളുമടക്കം 30 പേര്‍ കൊല്ലപ്പെട്ടു

സ്വന്തം നാട്ടില്‍ ബോംബിട്ട്  പാക് വ്യോമ സേന; സ്ത്രീകളും കുട്ടികളുമടക്കം 30 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലമാബാദ്: സ്വന്തം രാജ്യത്ത് പാകിസ്ഥാന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 30 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ മാത്രേ ദാര ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചേ രണ്ട് മണിയോടെയാണ് ബോംബാക്രമണമുണ്ടായത്.

ജെ.എഫ്-17 ഫൈറ്റര്‍ ജെറ്റുകളില്‍ നിന്ന് എല്‍.എസ് 6 ന്റെ എട്ട് ബോംബുകളാണ് വര്‍ഷിച്ചത്. ബോംബാക്രമണത്തില്‍ ഗ്രാമത്തിന്റെ ഭൂരിഭാഗവും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. അനേകം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്.

പ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്ന തഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) പ്രവര്‍ത്തകരെ ലക്ഷ്യം വച്ചായിരുന്നു വ്യോമസേന ആക്രമണം നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മരണപ്പെട്ടവരെല്ലാം സാധാരണക്കാരാണ്.

അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണ് ഖൈബര്‍ പഖ്തുന്‍ഖ്വ. അടുത്തകാലത്തായി നിരവധി ഭീകരവിരുദ്ധ ഓപ്പറേഷനുകള്‍ ഇവിടെ നടന്നിരുന്നു. സെപ്റ്റംബര്‍ 13, 14 തിയതികളില്‍ ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 31 ടിടിപി തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്നലെ ദേരാ ഇസ്മായില്‍ ഖാന്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏഴ് തീവ്രവാദികളെ വധിച്ചതായി പാക് സൈന്യം അറിയിച്ചു. ഇവരില്‍ മൂന്നുപേര്‍ അഫ്ഗാന്‍ പൗരന്മാരും രണ്ടുപേര്‍ ചാവേറുകളുമായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.