സുഡാനിൽ പ്രതിസന്ധി രൂക്ഷം; ഇതിനോടകം കുടിയിറക്കപ്പെട്ടത് പന്ത്രണ്ട് ദശലക്ഷം പേർ

സുഡാനിൽ പ്രതിസന്ധി രൂക്ഷം; ഇതിനോടകം കുടിയിറക്കപ്പെട്ടത് പന്ത്രണ്ട് ദശലക്ഷം പേർ

ഖാർത്തൂം: ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് കലുഷിതമായ സുഡാനില്‍ ഇതിനോടകം പന്ത്രണ്ട് ദശലക്ഷം പേർ കുടിയിറക്കപ്പെട്ടെന്ന് റിപ്പോർട്ട്. 21ാം നൂറ്റാണ്ടിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് സുഡാനിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള ആഫ്രിക്കൻ സെന്റർ ഫോർ ജസ്റ്റിസ് ആൻഡ് പീസ് സ്റ്റഡീസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

“സുഡാനിലെ ആഭ്യന്തര യുദ്ധം കൂട്ട കുടിയിറക്കത്തിനു കാരണമായി. സുരക്ഷിത ഇടനാഴികളിൽ എത്താൻ സാധാരണക്കാർ പാടുപെടുന്നു. ആരോഗ്യ സേവനങ്ങളുടെ പൂർണമായ തകർച്ച കാരണം അവർ ആരോഗ്യ ദുരന്തത്തെ നേരിട്ടു. ഫലപ്രദമായ നടപടികളില്ലെങ്കിൽ വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും വർധിച്ചു കൊണ്ടിരിക്കും. പട്ടിണി, കൂട്ട ഭീകരത, നിർബന്ധിത കുടിയിറക്കം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളും രാജ്യത്തെ സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്.” – റിപ്പോർട്ടിൽ പറയുന്നു.

“സുഡാനിലെ ആഭ്യന്തര യുദ്ധം 2023 ഏപ്രിലിൽ ആരംഭിച്ചു. അതിനു ശേഷം പോരാട്ടങ്ങളും ആക്രമണങ്ങളും ഏകദേശം 50 ദശലക്ഷം ജനസംഖ്യയിൽ 12 ദശലക്ഷം ആളുകളെ നാടുകടത്തി. കുറഞ്ഞത് 1,50,000 പേരുടെ മരണത്തിനു കാരണമായി.” – റിപ്പോർട്ടിൽ പറയുന്നു.

“ഈ വർഷം മാർച്ചിൽ രണ്ടു വർഷമായി ഉപരോധിക്കുകയും രണ്ട് വിഭാഗങ്ങൾക്കിടയിൽ വിഭജിക്കപ്പെടുകയും ചെയ്ത തലസ്ഥാനമായ ഖാർത്തൂം തിരിച്ചു പിടിക്കാൻ സൈന്യത്തിന് കഴിഞ്ഞു. ഏപ്രിലിൽ ഡാർഫറിലെ സംസം അഭയാർഥി ക്യാമ്പിൽ നടന്ന ക്രൂരമായ ആക്രമണത്തിൽ സൈനികർ 1,500 ലധികം പേരെ കൊന്നൊടുക്കി. യുദ്ധത്തിന്റെ തുടക്കത്തിനു ശേഷമുള്ള ഏറ്റവും മോശമായ കൂട്ടക്കൊലകളിൽ ഒന്നാണിത്” – റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സുഡാനില്‍ സര്‍ക്കാര്‍ സൈന്യവും അര്‍ദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്ന്‍ രാജ്യത്ത് അവശേഷിക്കുന്ന ക്രിസ്ത്യാനികളുടെ കാര്യം ദയനീയമാണെന്നും അവരുടെ ജീവന്‍ അപകടത്തിലാണെന്നും സഭാ നേതൃത്വം നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരിന്നു. എന്നാല്‍ വേണ്ടത്ര പ്രാധാന്യം വിഷയത്തിന് ലഭിച്ചിട്ടില്ലായെന്നതാണ് യഥാര്‍ത്ഥ വസ്തുത. സുഡാനിലെ ന്യൂനപക്ഷ സമൂഹമാണ് ക്രൈസ്തവര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.