മുഖ്യമന്ത്രി സൈക്കോ പാത്തെന്ന് കെ.സുധാകരന്‍; പൊലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്

മുഖ്യമന്ത്രി സൈക്കോ പാത്തെന്ന് കെ.സുധാകരന്‍; പൊലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യന്ത്രി പിണറായി വിജയന്‍ സൈക്കോ പാത്തിനെ പോലെയാണ്  പെരുമാറുന്നതെന്ന് പറഞ്ഞ സുധാകരന്‍ പിണറായി വിജയനെന്നാല്‍ ക്രൂരതയുടെ പര്യായമായി മാറിയെന്നും കുറ്റപ്പെടുത്തി.

ഡിജിപി ഓഫീസ് മാര്‍ച്ചിന്റെ വേദിയിലേക്കടക്കം ടിയര്‍ ഗ്യാസ് പ്രയോഗിച്ചതിലൂടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ 'വാഷ് ഔട്ട്' ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്നും അതിക്രമത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ നടന്നത് ആസൂത്രിതമായ ആക്രമണമാണ്. ഇത് മുഖ്യമന്ത്രി അറിയാതെ ഒരിക്കലും  സംഭവിക്കില്ല.  സംസ്ഥാനത്ത് ഇപ്പോള്‍ രണ്ട് ഡിജിപിമാരാണുള്ളത്. പി. ശശി ആക്ടിങ് ഡിജിപിയായി പ്രവര്‍ത്തിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ നിലയ്ക്ക് നിര്‍ത്താന്‍ ആരുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ പോലുമുള്ള അവകാശം നിഷേധിക്കുന്ന നാടായി കേരളം മാറി. പ്രതിഷേധിക്കുന്ന കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും അവര്‍ക്കെതിരെ തന്നെ കേസെടുത്ത് ജയിലാക്കുകയുമാണ് ചെയ്തത്.

സംസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകളെയാണ് നവകേരള സദസിന് അകമ്പടിയായി മുഖ്യമന്ത്രി നിയോഗിച്ചിരുന്നത്. 2024 എന്നത് പിണറായി വിജയന് ഉറക്കമില്ലാത്ത രാത്രികളാകും സമ്മാനിക്കുകയെന്നും കെപിസിസി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.