ബംഗളുരു: കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പ സര്‍ക്കാരിന്റെ കാലത്ത് 40,000 കോടി രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണവുമായി രംഗത്തു വന്ന ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ ബിജെപി നേതൃത്വത്തെ വീണ്ടും വെല്ലുവിളിച്ചു.
തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ഭരണത്തിലിരുന്നുകൊണ്ട് പണം കൊള്ളയടിക്കുകയും സ്വത്ത് സമ്പാദിക്കുകയും ചെയ്തവരുടെ പേരുകള്‍ ഒന്നൊന്നായി പുറത്ത് കൊണ്ടുവരുമെന്നാണ് അദേഹത്തിന്റെ മുന്നറിയിപ്പ്. വിജയ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍.
കോവിഡിന്റെ സമയത്ത് കര്‍ണാടയില്‍ അധികാരത്തിലിരുന്നത് ബിജെപിയായിരുന്നു. എന്നാല്‍ ആരുടെ സര്‍ക്കാര്‍ അധികാരത്തിലിരുന്നത് എന്നുള്ളതല്ല പ്രശ്‌നം. കള്ളന്മാര്‍ കള്ളന്മാരാണ്. കോവിഡ് കാലത്ത് യെദ്യൂരപ്പ സര്‍ക്കാര്‍ 45 രൂപയുടെ മാസ്‌കിന്റെ വില 485 രൂപയായി ഉയര്‍ത്തിയെന്നും പാട്ടീല്‍ ആരോപിച്ചു.
ബംഗളൂരുവില്‍ പതിനായിരം കിടക്കകള്‍ ക്രമീകരിച്ചിരുന്നു. ഇതിനായി 10,000 കിടക്കകള്‍ വാടകയ്ക്ക് എടുക്കുകയായിരുന്നു. ഇതിലും വന്‍ അഴിമതി നടന്നു. തനിക്ക് കോവിഡ് ബാധിച്ചപ്പോള്‍ മണിപ്പാല്‍ ആശുപത്രി ആവശ്യപ്പെട്ടത് 5,80,000 രൂപയാണെന്നും എംഎല്‍എ വ്യക്തമാക്കി. ഒരു സാധാരണക്കാരന് ഇത്രയും പണം എവിടെ നിന്ന് ലഭിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.
നേതൃത്വത്തിനെതിരെ ആരോപണമുയര്‍ത്തിയ ബിജെപി എംഎല്‍എയെ പിന്തുണച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി. ബിജെപി എംഎല്‍എയുടെ ഈ ആരോപണങ്ങള്‍ തങ്ങളുടെ മുന്‍കാല വെളിപ്പെടുത്തലുകളെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും ബിജെപി സര്‍ക്കാര്‍ 40 ശതമാനം കമ്മീഷന്‍ സര്‍ക്കാരാണെന്നും അദേഹം ആവര്‍ത്തിച്ചു.
പാട്ടിലിന്റെ ആരോപണം ശരിയാണെങ്കില്‍ വിചാരിച്ചതിലും പതിന്മടങ്ങ് അഴിമതിയാണ് സംസ്ഥാനത്ത് നടന്നിരിക്കുന്നത്. തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് സഭയില്‍ നിന്ന് ഇറങ്ങി വന്ന ബിജെപി മന്ത്രിമാരുടെ സംഘം ഇപ്പോള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.