ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ പൊരുതിവീണു; തോല്‍വി മൂന്ന് റണ്‍സിന്

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ പൊരുതിവീണു; തോല്‍വി മൂന്ന് റണ്‍സിന്

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ പൊരുതിവീണ് ഇന്ത്യന്‍ വനിതകള്‍. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മല്‍സരത്തില്‍ മൂന്ന് റണ്‍സിനാണ് ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ചത്.സ്‌കോര്‍ -ഓസ്‌ട്രേലിയ: 258/8, ഇന്ത്യ: 255/8.

ടോസ് നേടി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ, ഓപ്പണര്‍ ലീച്ച്ഫീല്‍ഡിന്റെയും എലിസ് പെറിയുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 258 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അലാന കിംഗ് 17 പന്തുകളില്‍ നിന്ന് 28 റണ്‍സ് നേടിയത് നിര്‍ണായകമായി.

ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ പത്തോവറില്‍ 38 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടി. ശ്രേയങ്ക പാട്ടീല്‍, സ്‌നേഹ റാണ, പൂജ വസ്ത്രാകര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ചാ ഘോഷിന്റെ അര്‍ധസെഞ്ചുറി കരുത്തില്‍ പോരാടിയെങ്കിലും ലക്ഷ്യത്തിന് മൂന്നു റണ്‍സകലെ പോരാട്ടം അവസാനിക്കുകയായിരുന്നു. 96 റണ്‍സ് നേടിയ റിച്ചാ ഘോഷ് 44ാം ഓവറില്‍ പുറത്താവുമ്പോള്‍ 37 പന്തില്‍ നിന്ന് 41 റണ്‍സ് മാത്രം മതിയെന്ന നിലയില്‍ വിജയം ഉറ്റുനോക്കുകയായിരുന്നു ഇന്ത്യ.

എന്നാല്‍ റിച്ച പുറത്തായതോടെ ഡെത്ത് ഓവറുകളില്‍ മികച്ച ലൈനും ലെംഗ്തും പാലിച്ച ഓസീസ് താരങ്ങള്‍ ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി റോഡ്രിഗസ് (44), സ്മൃതി മന്ധാന (34) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.

ബൗളിംഗില്‍ അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശര്‍മ ഒരറ്റത്ത് നിലയുറപ്പിച്ചുവെങ്കിലും റണ്‍സ് കണ്ടെത്തുന്നതില്‍ വിഷമിച്ചത് തിരിച്ചടിയായി. അവസാന ഓവറുകളില്‍ ബാറ്റ് ചെയ്ത ദീപ്തിക്ക് 36 പന്തുകളില്‍ നിന്ന് 24 റണ്‍സ് മാത്രമേ നേടാനായുള്ളു.

ഓസീസിന് വേണ്ടി അന്നബെല്‍ സതര്‍ലന്‍ഡ് മൂന്നും, വേര്‍ഹാം രണ്ടും വിക്കറ്റ് നേടി. ഗാര്‍ഡ്‌നര്‍, ഗാര്‍ത്ത്, അലാന കിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പങ്കിട്ടു.

ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഓസീസ് പരമ്പര സ്വന്തമാക്കി. ജനുവരി രണ്ടാം തീയതിയാണ് പരമ്പരയിലെ അവസാന ഏകദിനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.