പാലക്കാട്: പാലക്കാട് ജില്ലയിലെ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ രണ്ടാമത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി മാറി. 2023 അവസാനം രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തെ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനാണ് ലക്ഷ്യമിടുന്നത്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാര്‍ഗ നിര്‍ദേശ പ്രകാരം 10 ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന ആശുപത്രികളെയാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുന്നത്.
ആരോഗ്യ വകുപ്പ് ഈ വര്‍ഷം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടുള്ള വിഷയമാണ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സുമായി ബന്ധപ്പെട്ടുള്ളത്. ലോകാരോഗ്യ സംഘടന എ.എം.ആറിനെ ഇതിനോടകം തന്നെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
ആരോഗ്യ വകുപ്പ് എ.എം.ആറിനെതിരെ നേരത്തെ തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കുക, തെറ്റായ ക്രമങ്ങളില്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുക, ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി കുറിക്കുകയും ഉപയോഗിക്കുകയും ചെയ്യുക തുടങ്ങിയവയിലൂടെ ഉണ്ടാകുന്ന ഗുരുതരമായിട്ടുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചും പൊതുബോധം ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.
2024 ല്‍ കേരളത്തിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ പഞ്ചായത്തുകളെയും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളാക്കി മാറ്റും. കൂടാതെ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024 ല്‍ പൂര്‍ണമായും നിര്‍ത്തലാക്കാനാണ് ഉദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.