ലോക്സഭ തിരഞ്ഞെടുപ്പ്: സോണിയ ഗാന്ധി തെലങ്കാനയില്‍ മത്സരിക്കണം; പ്രമേയം പാസാക്കി ടിപിസിസി

ലോക്സഭ തിരഞ്ഞെടുപ്പ്: സോണിയ ഗാന്ധി തെലങ്കാനയില്‍ മത്സരിക്കണം; പ്രമേയം പാസാക്കി ടിപിസിസി

ഹൈദരാബാദ്: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി തെലങ്കാനയില്‍ നിന്ന് മത്സരിക്കണമെന്ന് പിസിസി യോഗം. സംസ്ഥാന മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ രേവന്ത് റെഡ്ഡി യുടെ നേതൃത്വത്തില്‍ ഇന്നലെ ഇന്ദിര ഭവനില്‍ പിസിസി യോഗം ചേര്‍ന്നിരുന്നു. സോണിയ ഗാന്ധിയെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പിസിസി യോഗം ഐക്യകണ്ഠേന പ്രമേയം പാസാക്കി.

രേവന്ത് റെഡ്ഡിയും തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍കയും സംസ്ഥാനത്തിന്റെ എഐസിസി ചുമതലയുള്ള ദീപാദാസ് മുന്‍ഷിയെ ആദരിച്ചു. യോഗത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയത്തിന് സംഭാവന നല്‍കിയ തെലങ്കാനയിലെ ജനങ്ങള്‍ക്കും എഐസിസി നേതാക്കള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് മറ്റൊരു പ്രമേയവും പാസാക്കി.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍, നല്‍കിയ ആറ് വാഗ്ദാനങ്ങള്‍ നടപ്പാക്കല്‍, നാമനിര്‍ദേശം ചെയ്യപ്പെട്ട തസ്തികകള്‍ നികത്തല്‍ തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച നടന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്ന് ഭട്ടി വിക്രമാര്‍ക പാര്‍ട്ടി പ്രതിനിധികളോട് അഭ്യര്‍ഥിച്ചു. മുന്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് വലിച്ചിടുകയാണ് ചെയ്തത്.

ഒരേ സമയം സംസ്ഥാനത്തെ സാമ്പത്തികമായി ശക്തിപ്പെടുത്താനും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനും പാര്‍ട്ടിക്കാവണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്തവര്‍ക്ക് അംഗീകാരം നല്‍കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കണമെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു. ഹൈദരാബാദിലെ കള്ളവോട്ടുകളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണമെന്നും പാര്‍ട്ടിയും സര്‍ക്കാറും സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ ഫലം കാണുമെന്നും ദീപാദാസ് പറഞ്ഞു.

കുറച്ച് മാസങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മികച്ച ഫലം കാണുമെന്ന് മന്ത്രി ഉത്തം കുമാര്‍ റെഡ്ഡി പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് സൗകര്യം നല്‍കുന്ന മഹാലക്ഷ്മി പദ്ധതി വിജയകരമാണെന്ന് ഗതാഗത മന്ത്രി പൊന്നം പ്രഭാകര്‍ വ്യക്തമാക്കി. ബിആര്‍എസ് ഇതിന് എതിരാണെന്നും അദേഹം കുറ്റപ്പെടുത്തി. ഗ്രാമങ്ങളില്‍ ഇന്ദിരാമ്മ കമ്മിറ്റികള്‍ രൂപീകരിച്ച് ജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.