ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ജനുവരി 15 നകം ജനങ്ങള്‍ അഭിപ്രായം അറിയിക്കണമെന്ന് പത്ര പരസ്യം

 ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ജനുവരി 15 നകം ജനങ്ങള്‍ അഭിപ്രായം അറിയിക്കണമെന്ന് പത്ര പരസ്യം

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി പത്രങ്ങളില്‍ പരസ്യം. നിലവിലെ രീതിയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അഭിപ്രായം അറിയിക്കാം. ജനുവരി 15 നകം അഭിപ്രായം അറിയിക്കണം. നിയമ മന്ത്രാലയം നിയമിച്ച ഉന്നതതല സമിതിയുടെ സെക്രട്ടറിയുടെ പേരിലാണ് പരസ്യം.

നിര്‍ദേശങ്ങള്‍ ഒറ്റ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല സമിതിക്ക് കൈമാറും. അതേസമയം പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. 2024 ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ 2029 ലെ തിരഞ്ഞെടുപ്പ് ലോക്‌സഭ, നിയമസഭ ഉള്‍പ്പെടെ ഒന്നിച്ചു നടത്താനാണ് നീക്കം. ഇതുസംബന്ധിച്ച് 10 ദിവസത്തിനകം പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയാണ് നിര്‍ദേശങ്ങള്‍ പരിഗണിക്കുക. തദേശ തിരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഒരുമിച്ച് നടത്താനാണ് നീക്കം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ സമ്പൂര്‍ണ യോഗം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ചേര്‍ന്നത്. എട്ടംഗ സമിതിയാണ് രൂപീകരിച്ചതെങ്കിലും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സമിതിയില്‍ നിന്ന് പിന്മാറിയിരുന്നു.  രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, ഹരീഷ് സാല്‍വെ, എന്‍.കെ സിങ്, ഡോ. സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് അനുകൂല നിലപാടാണ് ദേശീയ നിയമ കമ്മീഷന്‍ സ്വീകരിച്ചത്. അതേസമയം ഒന്നിച്ചുള്ള തിരഞ്ഞെടുപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സാവകാശം വേണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഒരു വര്‍ഷമെങ്കിലും തയ്യാറെടുപ്പിന് വേണം. വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം തേടാന്‍ സമിതി നേരത്തെ തീരുമാനിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.