കോഴിക്കോട്: 'വീട്ടിലിരുന്ന് പണം സമ്പാദിക്കാം' എന്ന സന്ദേശത്തില്‍ വീഴരുതെന്ന നിര്‍ദേശവുമായി കേരള പൊലീസ്. അടിമുടി വ്യാജന്‍മാര്‍ ഇറങ്ങിയിട്ടുണ്ടെന്നും സൂക്ഷിച്ചില്ലേല്‍ പണ നഷ്ടം മാനഹാനി എന്നിവ ഉണ്ടാകുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. ജില്ലയില്‍ വര്‍ക്ക് ഫ്രം ഹോം തട്ടിപ്പ് കേസുകള്‍ ഏറിയതോടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന പൊലീസ് മീഡിയ സെല്‍.
വീട്ടിലിരുന്ന് പണം സമ്പാദിക്കാം, തൊഴിലിനോടൊപ്പം അധിക വരുമാനം തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ വലവിരിക്കുന്നത്. തൊഴിലവസരങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നവരുടെയും പണത്തിന് അത്യാവശ്യമുള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണ് തട്ടിപ്പു സംഘങ്ങളുടെ രീതി. ഇത്തരത്തില്‍ വിവരം ശേഖരിച്ച് കഴിഞ്ഞാല്‍ ആവശ്യക്കാരനെ ബന്ധപ്പെട്ട് വാഗ്ദാനം നല്‍കും.
കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ തുക സമ്പാദിക്കാന്‍ കഴിയുന്ന ജോലികളായിരിക്കും തട്ടിപ്പ് സംഘം നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുക. തട്ടിപ്പില്‍ വീഴുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുകയാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചാല്‍ രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ പണം കൈക്കലാക്കാന്‍ ശ്രമിക്കും. വിശ്വാസ്യത ഉറപ്പിക്കാന്‍ ചെറിയ തോതിലുള്ള ഓണ്‍ലൈന്‍ ജോലികള്‍ തരപ്പെടുത്തി തരും.
കിട്ടിയ ജോലിയില്‍ മണിക്കൂറുകള്‍ ചെലവാക്കിയിട്ടും പണം കിട്ടാതാകുമ്പോഴാണ് തട്ടിപ്പിന് ഇരയായതെന്ന് മനസിലാവുക. പണത്തിന് അത്യാവശ്യമുള്ളവരും ജോലി അന്വേഷകരുമാണ് ഇത്തരം തട്ടിപ്പില്‍ കൂടുതലായും ഇരയാകുന്നതെന്ന് പൊലീസ് പറഞ്ഞു. അറിയിപ്പുകളും ബോധവത്കരണവും നല്‍കിയാലും കേസുകള്‍ കുറയുന്നില്ലെന്നതാണ് വാസ്തവം.
തൊഴില്‍ അന്വേഷകരുടെ ശ്രദ്ധയ്ക്ക്
ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമേ ഇത്തരം തട്ടിപ്പുകളെ ഫലപ്രദമായി ചെറുക്കാന്‍ കഴിയൂ. തൊഴില്‍ വാഗ്ദാനവുമായി സമീപിക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങള്‍ ഇന്റര്‍നെറ്റിലോ മറ്റും തിരഞ്ഞ് വിശ്വാസ്യത ഉറപ്പ് വരുത്തണം. സ്ഥാപനത്തിന്റെ ലൊക്കേഷന്‍ മനസിലാക്കി ഗൂഗിള്‍ മാപ്പോ മറ്റ് സംവിധാനങ്ങളോ ഉപയോഗിച്ച് അങ്ങനെ ഒരു ഓഫീസ് അവിടെ ഉണ്ടോയെന്ന് മനസിലാക്കണം. സ്ഥാപനത്തിന്റെ പേര് ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ വ്യാജ വെബ്‌സൈറ്റിലേക്ക് എത്തിപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് വിശ്വസനീയമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രം ജോലിയ്ക്ക് ശ്രമിക്കുക.
തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന സൈബര്‍ പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിവരം അറിയിക്കുക. ആദ്യ മണിക്കൂറിനകം വിവരം അറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.