ന്യൂഡല്‍ഹി: കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കളിപ്പാട്ട കയറ്റുമതിയില്‍ രാജ്യത്ത് 239 ശതമാനം വളര്‍ച്ച. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 326 മില്യണ്‍ ഡോളറാണ് ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതി. 2014-15 കാലത്ത് ഇത് 96 മില്യണ്‍ ഡോളറായിരുന്നു.
രാജ്യത്ത് കളിപ്പാട്ട ഇറക്കുമതി 52 ശതമാനം കുറഞ്ഞു. 332 മില്യണ്‍ ഡോളറായിരുന്ന ഇറക്കുമതി നിലവില്‍ 159 മില്യണ്‍ ഡോളറാണ്. ഇന്ത്യയിലെ കളിപ്പാട്ട വ്യവസായവും കയറ്റുമതിയുമായി ബന്ധപ്പെട്ട് ഐഐഎം ലക്നൗ നടത്തിയ കേസ് സ്റ്റഡിയിലൂടെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കളിപ്പാട്ട വ്യവസായത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ക്വാളിറ്റി കണ്‍ട്രോള്‍ വര്‍ധിപ്പിച്ചതും ഇറക്കുമതി താരിഫ് കൂട്ടിയതും ചൈനയില്‍ നിന്നടക്കമുള്ള കളിപ്പാട്ട ഇറക്കുമതി കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. കളിപ്പാട്ട വ്യവസായത്തില്‍ ഉല്‍പാദക യൂണിറ്റുകളുടെ എണ്ണം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഇതോടെ ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളുടെ തോത് 33 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി. കളിപ്പാട്ട മേഖലയില്‍ അടുത്ത എട്ട് വര്‍ഷത്തിനകം 12 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
2028 ആകുമ്പോഴേക്കും കളിപ്പാട്ട കയറ്റുമതി മൂന്ന് ബില്യണ്‍ ഡോളറാക്കുകയാണ് ലക്ഷ്യം. കളിപ്പാട്ട നിര്‍മാണത്തിലും കയറ്റുമതിയിലും ഭീമന്മാരായ ചൈനയും വിയറ്റ്നാമും അടക്കമുള്ള രാജ്യങ്ങള്‍ക്ക് ആഗോള തലത്തില്‍ ബദലാകുകയെന്ന നിലയിലേക്കാണ് ഇന്ത്യയുടെ വളര്‍ച്ച എന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.