കണ്ണൂര്‍: എംഎല്‍എയെ അപമാനിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ എസ്‌ഐക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്. എസ്‌ഐ പി.പി ഷമീലിന്റെ ഭാഗത്ത് വീഴ്ച പറ്റിയെന്ന് കണ്ണൂര്‍ എസിപി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എസ്‌ഐക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും.
പി.പി ഷമീല്‍ അനാവശ്യ പ്രകോപനം സൃഷ്ടിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. എംഎല്‍എയുടെ പ്രോട്ടോക്കോളുകള്‍ ലംഘിച്ച് അനാവശ്യമായി പ്രകോപനമുണ്ടാക്കി. കേരള ഗവ. നഴ്സസ് അസോസിയേഷന്‍(കെജിഎന്‍എ) മാര്‍ച്ചില്‍ സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ചുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും എസ്‌ഐ ഏര്‍പ്പെടുത്തിയില്ല. സ്ത്രീകള്‍ പങ്കെടുക്കുന്ന മാര്‍ച്ചിലേക്ക് ആവശ്യത്തിന് വനിതാ പൊലീസിനെ അയക്കേണ്ടിയിരുന്നു. എന്നാല്‍ സ്ഥലത്തേക്ക് ഒറ്റ വനിതാ പൊലീസുകാരെയും അയക്കാന്‍ ഡ്യൂട്ടി നിശ്ചയിച്ച ഓഫീസര്‍ തയാറായില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എസ്‌ഐക്കെതിരെയും പൊലീസിനെതിരെയും വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. പാര്‍ട്ടി എംഎല്‍എയും യുവ നേതാവുമായ എം. വിജിനോട് സ്വന്തം തട്ടകമായ കണ്ണൂരില്‍ തന്നെ ഒരു എസ്‌ഐ അപമര്യാദയായി പെരുമാറിയത് നേതൃത്വത്തെ വലിയ തോതില്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകണമെന്ന നിര്‍ദേശമാണ് സിപിഎം നേതൃത്വം മുന്നോട്ടുവച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.