തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് മെഡിക്കല്‍ കോളജുകളില്‍ കൂടി എമര്‍ജന്‍സി മെഡിസിന്‍ ആന്റ് ട്രോമാ കെയര്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗമുണ്ട്. അംഗീകാരം ലഭിച്ച ബാക്കിയുള്ള മെഡിക്കല്‍ കോളജുകളായ കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മഞ്ചേരി എന്നിവിടങ്ങളിലാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം പുതുതായി ആരംഭിക്കുന്നത്.
ഇതിനായി ഈ മെഡിക്കല്‍ കോളജുകളില്‍ ഒരു അസോസിയേറ്റ് പ്രൊഫസര്‍, ഒരു അസിസ്റ്റന്റ് പ്രൊഫസര്‍, രണ്ട് സീനിയര്‍ റസിഡന്റ് തസ്തികകള്‍ വീതം സൃഷ്ടിച്ചിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ രണ്ട് വീതം സീനിയര്‍ റസിഡന്റുമാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.
ക്വാളിറ്റി മാനേജ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം എല്ലാ മെഡിക്കല്‍ കോളജുകളിലേക്കും വ്യാപിപ്പിക്കുന്നത്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികള്‍ക്ക് ഒരു കുടക്കീഴില്‍ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കല്‍ ശാസ്ത്ര ശാഖയാണ് എമര്‍ജന്‍സി മെഡിസിന്‍.
എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതോടെ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്സ്, കാര്‍ഡിയോളജി തുടങ്ങിയ അത്യാഹിത വിഭാഗത്തിലെ വിവിധ വിഭാഗങ്ങളുടെ ഏകീകരണത്തോടെയുള്ള ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനാകും. കൂടാതെ പ്രധാന മെഡിക്കല്‍ കോളജുകളില്‍ എല്ലാ സ്പെഷ്യാലിറ്റി സൗകര്യങ്ങളുമുള്ള ട്രോമകെയര്‍ സംവിധാനവും വിപുലമായ ട്രയേജ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം എമര്‍ജന്‍സി മെഡിസിന്‍ ആരംഭിക്കുന്നതോടെ ഭാവിയില്‍ ഡിഎം കോഴ്സ് ആരംഭിക്കാനും ഈ മേഖലയില്‍ കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കാനും സാധിക്കുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.