സിറോ മലബാര്‍ സഭ സിനഡ് സമ്മേളനം ഇന്നാരംഭിക്കും; പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആരെന്നറിയാന്‍ ആകാംഷയോടെ വിശ്വാസികള്‍

സിറോ മലബാര്‍ സഭ സിനഡ് സമ്മേളനം ഇന്നാരംഭിക്കും; പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ്  ആരെന്നറിയാന്‍ ആകാംഷയോടെ വിശ്വാസികള്‍

കൊച്ചി: പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനുള്ള സിറോ മലബാര്‍ സഭയുടെ സിനഡ് സമ്മേളനം ഇന്നാരംഭിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുന്നത്.

സമ്മേളനത്തിന്റെ രണ്ടാം ദിനമായ നാളെയായിരിക്കും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങുക. സിറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള 55 ബിഷപ്പുമാരാണ് സിനഡ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ജനുവരി 13 വരെയാണ് സമ്മേളനം.

സീറോ മലബാര്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലാണ് സിനഡ് വിളിച്ച് ചേര്‍ത്തിട്ടുള്ളത്. സിനഡ് നിശ്ചയിക്കുന്ന മെത്രാനാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. സാധാരണയായി സിനഡിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് ആ ചുമതലയില്‍ എത്തുക.

കഴിഞ്ഞ സീറോ മലബാര്‍ തിരഞ്ഞെടുപ്പ് സിനഡില്‍ അന്നത്തെ തലശേരി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയ മറ്റമാണ് ഈ ചുമതല നിര്‍വഹിച്ചത്. ഇത്തവണ സിനഡില്‍ പങ്കെടുക്കുന്നവരില്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മുതിര്‍ന്ന വ്യക്തി കാഞ്ഞിരപ്പള്ളി മുന്‍ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലാണ്.

അതേസമയം മെത്രാന്‍ സ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ കല്യാണ്‍ രൂപത മെത്രാനായ തോമസ് ഇലവനാലാണ് സീനിയര്‍. അദേഹം മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവിയിലേക്കുള്ള മല്‍സര രംഗത്തില്ലങ്കില്‍ ഈ ചുമതല നിര്‍വഹിച്ചേക്കും. എന്നാല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് അദേഹത്തിന്റെ പേരും പരിഗണനയില്‍ ഉള്ളതിനാല്‍ ഇപ്പോള്‍ 79 വയസ് പൂര്‍ത്തിയായ കാഞ്ഞിരപ്പള്ളി മുന്‍ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലായിരിക്കും തിരഞ്ഞെടുപ്പ് നിയന്ത്രിക്കുക.

എണ്‍പത് വയസിന് താഴെയുള്ള 54 ബിഷപ്പുമാര്‍ക്കാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. ആറ് റൗണ്ട് വരെ വോട്ടെടുപ്പ് നടക്കും. ആദ്യ റൗണ്ടില്‍ തന്നെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പാകും. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നീളും. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്താല്‍ വത്തിക്കാനിലും സിറോ മലബാര്‍ സഭ ആസ്ഥാനത്തും പ്രഖ്യാപനം ഉണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.