വെന്തുരുകുന്ന ഭൂമി; 2023 ഏറ്റവും ചൂടേറിയ വര്‍ഷം; വരാനിരിക്കുന്നത് പ്രകൃതി ദുരന്തത്തിന്റെ നാളുകള്‍

വെന്തുരുകുന്ന ഭൂമി; 2023 ഏറ്റവും ചൂടേറിയ വര്‍ഷം; വരാനിരിക്കുന്നത് പ്രകൃതി ദുരന്തത്തിന്റെ നാളുകള്‍

ജനീവ: കാലാവസ്ഥാ വ്യതിയാനത്തിന്റെ അരക്ഷിതാവസ്ഥയിലൂടെയാണ് മനുഷ്യരാശി ഇന്നു കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ലോക ജനസംഖ്യയുടെ 85 ശതമാനത്തെയും കാലാവസ്ഥ വ്യതിയാനം ഇതിനകം ബാധിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി പുറത്തുവിട്ടിരിക്കുന്നത്.

2023 ഏറ്റവും ചൂടേറിയ വര്‍ഷമെന്നാണ് കോപ്പര്‍നിക്കസ് കാലാവസ്ഥ വ്യതിയാന കേന്ദ്രം (സി3എസ്) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു ലക്ഷം വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍, എല്‍ നിനോ എന്നിവയാണ് കഴിഞ്ഞ വര്‍ഷം ഇത്രയധികം താപനില വര്‍ധിക്കാനുള്ളതിന്റെ പ്രധാന കാരണമായി വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് ലോകത്തിലെ ഏറ്റവും ചൂടേറിയ മാസമായി രേഖപ്പെടുത്തിയത്. ഒക്ടോബറില്‍ ആഗോള തലത്തില്‍ താപനിലയിലുണ്ടായ മാറ്റം വളരെ ഭയാനകമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. വ്യാവസായിക വിപ്ലവ സമയത്തേക്കാള്‍ താപനില എല്ലാ ദിവസവും ഒരു ഡിഗ്രിയിലേറെ ഉയര്‍ന്നു നില്‍ക്കുന്ന ആദ്യ വര്‍ഷം കൂടിയായിരുന്നു 2023.

2023-ല്‍ 1.48 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഭൂമിയില്‍ രേഖപ്പെടുത്തിയത്. 2016-ല്‍ നടന്ന പാരിസ് ഉച്ചകോടിയില്‍ ആഗോളതാപന നിരക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെ നിലനിര്‍ത്താനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രേഖപ്പെടുത്തിയ കണക്ക് 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന പരിധിക്ക് വളരെ അടുത്തുള്ള സംഖ്യയാണ്. അടുത്ത 12 മാസത്തിനുള്ളില്‍ തന്നെ ഈ പരിധി മറികടക്കുമെന്ന ആശങ്കയാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്.

2023ലെ മൂന്നിലൊന്ന് ദിവസങ്ങളിലും ശരാശരി ആഗോള താപനില വ്യാവസായിക യുഗത്തിന് മുന്‍പുള്ള നിലയെക്കാള്‍ 1.5 സെല്‍ഷ്യസ് കൂടുതലായിരുന്നു എന്നാണ് വിശകലനം. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനൊടൊപ്പം മറ്റ് ഹരിതഗൃഹ വാതകങ്ങളും പുറന്തള്ളപ്പെട്ടതാണ് ഭൂമിയുടെ താപനില വ്യാവസായിക കാലഘട്ടത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ വര്‍ദ്ധിക്കാന്‍ കാരണമായത്.

എല്‍ നിനോ കാരണവും ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ വലിയ വ്യത്യാസം രേഖപ്പെടുത്തി. ഇതിന്റെ പ്രധാന കാരണം കിഴക്കന്‍ പസഫിക് സമുദ്രത്തിന്റെ മുകള്‍ ഭാഗം ചൂടുപിടിക്കുന്നതാണ്. ഭൂമിയുടെ പടിഞ്ഞാറു വശത്തേക്കുള്ള വായു പ്രവാഹത്തിന്റെ വേഗം കുറയുകയും ചൂടുവെള്ളം കിഴക്കോട്ട് തള്ളിമാറ്റപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഇതുകാരണം സമുദ്രോപരിതലത്തിലെ താപനില കൂടും. തുടര്‍ന്ന്, ആഗോള താപനിലയെ ഇത് പ്രതികൂലമായി ബാധിക്കും.

നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് എല്‍ നിനോ പ്രതിഭാസം രേഖപ്പെടുത്തുന്നത്. എല്‍ നിനോ പ്രതിഭാസം ശക്തമായിരുന്ന 2016 ആണ് നിലവില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമായി കണക്കാക്കിയിരുന്നത്.

വരും വര്‍ഷങ്ങളില്‍ വരള്‍ച്ച, കാട്ടുതീ, ഉഷ്ണതരംഗം എന്നിവകാരണം നിലവില്‍ കാലാവസ്ഥ മോശമായ രാജ്യങ്ങളുടെ അവസ്ഥ കൂടുതല്‍ ഗുരുതരമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.