വാര്‍ണര്‍ക്ക് പകരം ഓപ്പണര്‍ ആകാന്‍ സ്റ്റീവ് സ്മിത്ത്

വാര്‍ണര്‍ക്ക് പകരം ഓപ്പണര്‍ ആകാന്‍ സ്റ്റീവ് സ്മിത്ത്

സിഡ്‌നി: വിരമിച്ച സൂപ്പര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരം സ്റ്റീവ് സ്മിത്ത് ഓപ്പണറാകും. വെസ്റ്റ് ഇന്‍ഡീസിന് എതിരെ നടക്കുന്ന പരമ്പരയില്‍ ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം സ്മിത്ത് ഓപ്പണ്‍ ചെയ്യുമെന്ന് ഓസീസ് ടീം സെലക്ടര്‍മാര്‍ അറിയിച്ചു.

അവസാനമായി 105 ടെസ്റ്റുകളടക്കം 167 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ സ്മിത്ത് ഓപ്പണ്‍ ചെയ്തിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യാന്‍ സ്മിത്ത് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് സെലക്ടര്‍മാര്‍ അറിയിച്ചു.

ഒരു സ്പിന്നറായി കരിയര്‍ ആരംഭിച്ച സ്മിത്ത് ആദ്യം ഒമ്പതാം നമ്പറിലാണ് ബാറ്റ് ചെയ്യാനെത്തിയിരുന്നത്. പിന്നീട് സ്‌പെഷലിസ്റ്റ് മിഡില്‍ ഓര്‍ഡര്‍ ബാറ്ററായി മാറിയ സ്മിത്ത് ഇതുവരെ 105 ടെസ്റ്റില്‍ നിന്നായി 9514 റണ്‍സ് നേടിയിട്ടുണ്ട്. 58.01 ആണ് ടെസ്റ്റ് ശരാശരി.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ നാലാം നമ്പറിലാണ് സ്മിത്ത് കളിച്ചിട്ടുള്ളത്. 67 ടെസ്റ്റുകളില്‍ നിന്നായി 61.5 ശരാശരിയില്‍ 5966 റണ്‍സാണ് സമ്പാദ്യം. മൂന്നാം നമ്പറില്‍ 17 ടെസ്റ്റുകളില്‍ പാഡണിഞ്ഞ സ്മിത്ത് 67.07 ശരാശരിയില്‍ 1744 റണ്‍സ് സ്വന്തം പേരില്‍ എഴുതിചേര്‍ത്തിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന ശരാശരിയും മൂന്നാം നമ്പറിലാണുള്ളത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റും, മൂന്ന് ഏകദിനവും മൂന്ന് ടി20യും ഓസ്‌ട്രേലിയ കളിക്കും. തുടര്‍ന്ന് അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെയും ഓസീസിന് പരമ്പരയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.