വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ശീതക്കാറ്റിനെത്തുടർന്ന് അഞ്ച് പേർ മരിച്ചു. അലബാമ, ജോർജിയ, നോർത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ന്യൂയോർക്ക് സംസ്ഥാനത്തും പെൻസിൽവാനിയയിലും 150000ലധികം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.
വടക്ക് കിഴക്കൻ ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ചില നദികൾ കരകവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കണക്റ്റിക്കട്ടിൽ, വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ബുധനാഴ്ച യാന്റിക് നദിക്കരയിലുള്ള താമസക്കാരെ നിർബന്ധിതമായി ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ ഉത്തരവിട്ടു. ഈസ്റ്റ് കോസ്റ്റിലെ പല സ്കൂളുകളും ക്ലാസുകൾ റദ്ദാക്കി.
ബുധനാഴ്ച ഏകദേശം 700 വിമാനങ്ങൾ റദ്ദാക്കുകയും 4,000 ത്തോളം വിമാനങ്ങൾ വൈകുകയും ചെയ്തു. ന്യൂയോർക്ക് സിറ്റിയിലെ വിമാനത്താവളങ്ങളെയാണ് കാലാവസ്ഥ മാറ്റം ഏറ്റവും കൂടുതൽ ബാധിച്ചത്. മരണമടഞ്ഞവരിൽ അലബാമയിലെ 81 വയസുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു.
നോർത്ത് കരോലിനയിലെ ക്ലെരെമോണ്ടിൽ ഒരാൾ മരണപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു, ജോർജിയയിലെ ക്ലേടൺ കൗണ്ടിയിൽ ഹൈവേക്ക് കുറുകെ മരം വീണ് ഒരു വാഹനയാത്രികൻ മരിച്ചു. ചൊവ്വാഴ്ച രാവിലെ അലബാമയിലെ ബിർമിംഗ്ഹാമിൽ മരം കടപുഴകി ഒരാൾ മരിച്ചതായും റിപ്പോർട്ടുണ്ട്.
അതേ സമയം ബോംബ് ചുഴലിക്കാറ്റ് പസഫിക് നോർത്ത് വെസ്റ്റിനെയും വടക്കൻ കാലിഫോർണിയയെയും ആഞ്ഞടിക്കുകയാണ്. മണിക്കൂറിൽ ഒന്നു മുതൽ രണ്ട് വരെ ഇഞ്ച് നിരക്കിൽ കനത്ത മഞ്ഞ് വീഴുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച് വ്യാഴാഴ്ച രാത്രിയോടെ കൊടുങ്കാറ്റ് മിഡ്‌വെസ്റ്റിലേക്ക് കടക്കും.
ഇത് വ്യാഴാഴ്ച സമതലത്തിൽ പ്രത്യക്ഷപ്പെടുകയും വെള്ളിയാഴ്ചയോടെ ശക്തമായ ശൈത്യകാല കൊടുങ്കാറ്റായി മാറുകയും ചെയ്യും. വെള്ളിയാഴ്ച തെക്കുകിഴക്കൻ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാരണമാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.