ഉത്തരവിറങ്ങിയെങ്കിലും കെല്‍ട്രോണിന് പണം കൈമാറിയില്ല; എഐ ക്യാമറ നിയമ ലംഘനങ്ങള്‍ക്കുള്ള നോട്ടീസുകള്‍ കെട്ടിക്കിടക്കുന്നു

ഉത്തരവിറങ്ങിയെങ്കിലും കെല്‍ട്രോണിന് പണം കൈമാറിയില്ല; എഐ ക്യാമറ നിയമ ലംഘനങ്ങള്‍ക്കുള്ള നോട്ടീസുകള്‍ കെട്ടിക്കിടക്കുന്നു

തിരുവനന്തപുരം: കെല്‍ട്രോണിനുള്ള കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും കമ്പനിയുടെ അക്കൗണ്ടില്‍ പണമെത്താത്തതോടെ എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്കുള്ള നോട്ടീസയക്കുന്നത് പുനരാരംഭിക്കാനായില്ല. പതിനായിരക്കണക്കിന് നോട്ടീസുകളാണ് കെട്ടിക്കിടക്കുന്നത്.

കോടികളുടെ കുടിശിക മൂലം കെല്‍ട്രോണ്‍ പ്രവര്‍ത്തനമെല്ലാം നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നോട്ടീസയക്കാന്‍ നിയോഗിച്ച കരാര്‍ ജീവനക്കാരെ കമ്പനി പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ കുടിശിക അനുവദിച്ചതോടെ അവര്‍ വീണ്ടുമെത്തി നോട്ടീസ് തയ്യാറാക്കുന്നുണ്ട്. എന്നാല്‍, പണം കിട്ടിയാലേ കെല്‍ട്രോണിന് തപാല്‍ വകുപ്പിനുള്ള കുടിശിക തീര്‍ക്കാന്‍ കഴിയൂ. നോട്ടീസയക്കുന്നത് മുടങ്ങിയിട്ട് 20 ദിവസമായി.

ക്യാമറ വെച്ചതും തുടര്‍ കാര്യങ്ങള്‍ നടത്തുന്നതും കെല്‍ട്രോണാണ്. കെഎസ്ഇബിക്കുള്ള കുടിശിക തീര്‍ക്കാത്തതിനാല്‍ കണ്‍ട്രോള്‍ റൂമുകളും അടയ്ക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് കെല്‍ട്രോണിന് ആദ്യ ഗഡുവായി 9.39 കോടി രൂപ നല്‍കാന്‍ ഉത്തരവായത്. മൂന്നു മാസത്തെ കുടിശികയായി 11 കോടി രൂപയാണു നല്‍കാനുള്ളത്.

ക്യാമറകളില്‍ നിയമ ലംഘനങ്ങള്‍ ഇപ്പോഴും റെക്കോഡ് ചെയ്യുന്നുണ്ട്. നോട്ടീസ് അയക്കുന്നില്ലെന്നേയുള്ളൂ. ഓരോ ജില്ലയിലുമായി രണ്ടായിരത്തിലധികം നോട്ടീസാണ് അയക്കാനുള്ളത്. ഒരു മാസമായി നോട്ടീസ് അയക്കാത്തതിനാല്‍ പിഴയെക്കുറിച്ച് പലരും അറിയുന്നില്ല.

ആദ്യ ഗഡുവമായി സര്‍ക്കാര്‍ കെല്‍ട്രോണിന് നല്‍കേണ്ടിയിരുന്നത് 11.79 കോടി രൂപയാണ്. പ്രതിമാസം ഒരു കോടി രൂപയോളം സ്വന്തം നിലയ്ക്ക് ചെലവഴിച്ചാണ് പദ്ധതി കെല്‍ട്രോണ്‍ നടത്തുന്നതെന്നായിരുന്നു വിലയിരുത്തല്‍.

ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനത്തിനും മറ്റുമാണ് പണം വേണ്ടത്. എഐ ക്യാമറ പ്രവര്‍ത്തനമാരംഭിച്ച് ആറ് മാസം പിന്നിടുമ്പോഴാണ് ഈ പ്രതിസന്ധി. നിയമ ലംഘനങ്ങളില്‍ നിന്ന് 33 കോടി രൂപ സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടുണ്ടെന്നാണറിയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.