കോപ്പന്‍ഹാഗന്‍: ഡെന്‍മാര്‍ക്കിന്റെ പുതിയ രാജാവായി ഫ്രെഡറിക് പത്താമന്‍ അധികാരമേറ്റു. അമ്മയായ മാര്‍ഗരെത്ത രാജ്ഞി സ്ഥാനത്യാഗം ചെയ്ത ഒഴിവിലാണ് ഡെന്‍മാര്‍ക്കിന്റെ പുതിയ രാജാവ് സ്ഥാനമേറ്റെടുത്തത്.
ഡാനിഷ് രാജവംശത്തിന്റെ എണ്ണൂറു വര്‍ഷത്തെ ചരിത്രത്തിനിടെയില്‍ ആദ്യമായാണ് ഒരാള്‍ സ്ഥാനത്യാഗം ചെയ്യുന്നത്. രാജ്ഞിയായി 52 വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയ ദിവസം തന്നെയാണ് രാജ്ഞി സ്ഥാനത്യാഗത്തിനും തെരഞ്ഞെടുത്തത്. ഔദ്യോഗികമായി സ്ഥാനത്യാഗം നടത്തി ഒരു മണിക്കൂറിന് ശേഷമാണ് ഫ്രെഡറിക്കിനെ പുതിയ രാജാവായി അഭിഷേകം ചെയ്തത്.
ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സന്‍ പുതിയ രാജാവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് നിറകണ്ണുകളോടെയാണ് ഫ്രെഡറിക് പത്താമന്‍ രാജാവിന്റെ ഔദ്യോഗിക വസതിയായ ക്രിസ്റ്റിയന്‍ബോര്‍ഗ് കൊട്ടാരത്തിനു ചുറ്റും തടിച്ചുകൂടിയ ആയിരങ്ങളെ അഭിസംബോധന ചെയതത്. ലളിതമായ ചടങ്ങുകളോടെയാകും പട്ടാഭിഷേകം എന്ന് അറിയിച്ചിരുന്നുവെങ്കിലും ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി.
പ്രഖ്യാപിത രാജ്ഞിയും ഭാര്യയുമായ ഓസ്‌ട്രേലിയന്‍ വംശജ മേരിയും ഇവരുടെ നാല് മക്കളും ബാല്‍ക്കണിയിലെത്തി പുതിയ രാജാവിനൊപ്പം ജനത്തെ അഭിസംബോധന ചെയ്തു. മൂത്തമകന്‍ പതിനെട്ടുകാരന്‍ ക്രിസ്റ്റിന്‍ ആണ് പുതിയ രാജകുമാരന്‍.
അമ്മ രാജ്ഞിയെക്കുറിച്ച് ഏറെ പ്രശംസിച്ച് സംസാരിച്ച രാജാവ് എല്ലാവരെയും ഒരുമയില്‍ കൊണ്ടുപോകുന്ന രാജാവാകും താനെന്നും അതാണ് തന്റെ കര്‍ത്തവ്യമെന്ന് വിശ്വസിക്കുന്നുവെന്നും തന്റെ ആദ്യ പ്രസംഗത്തില്‍ പറഞ്ഞു. നിറഞ്ഞ മനസോടെയും സന്തോഷത്തോടെയും ഏറെ അഭിമാനത്തോടെയുമാണ് പുതിയ ജോലി ഏറ്റെടുക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുവര്‍ഷ തലേന്നാണ് താന്‍ സ്ഥാനത്യാഗം ചെയ്യുകയാണെന്ന് 83-കാരിയായ മാര്‍ഗരെത്ത രാജ്ഞി അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയയ്ക്കു വിധേയയായതിനെ തുടര്‍ന്ന് ആരോഗ്യം മോശമായത് മൂലമാണ് രാജ്ഞി വിരമിക്കാന്‍ തീരുമാനിച്ചത്. അതേ സമയം, സ്ഥാനത്യാഗം ചെയ്തുവെങ്കിലും രാജ്ഞിയായി മാര്‍ഗരെത്ത തുടരും. ഫ്രെഡറിക്കിന്റെ ഭാര്യ മേരിയാണ് പ്രഖ്യാപിത രാജ്ഞി.
പുതിയ രാജാവായി ചുമതലയേറ്റ 55 കാരനായ ഫ്രെഡറിക്ക് പത്താമന് ബ്രിട്ടീഷ് രാജാവ് ചാള്‍സും ഭാര്യ കെമീലീയയും ആശംസകള്‍ അറിയിച്ചു. ഒപ്പം മാര്‍ഗരെത്ത രാജ്ഞിയുടെ സംഭാവനകള്‍ക്ക് നന്ദി പറയുകയും രാജ്ഞിയെ പ്രശംസിക്കുകയും ചെയ്തു ഇരുവരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.