തപാല്‍ വഴി ലഹരി കടത്ത്: ഇതുവരെ അറസ്റ്റിലായത് ഏഴ് പ്രതികള്‍; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയുടെ കണ്ണികള്‍ കൊച്ചിയിലുണ്ടെന്നാണ് സൂചന

തപാല്‍ വഴി ലഹരി കടത്ത്: ഇതുവരെ അറസ്റ്റിലായത് ഏഴ് പ്രതികള്‍; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയുടെ കണ്ണികള്‍ കൊച്ചിയിലുണ്ടെന്നാണ് സൂചന

കൊച്ചി: കൊച്ചിയില്‍ തപാല്‍ വഴി ലഹരി ഇടപാട് നടത്തിയ കേസില്‍ ഇതുവരെ അറസ്റ്റിലായത് ഏഴ് പേര്‍. കഴിഞ്ഞ ദിവസം അഞ്ച് പേരെയും ഇന്ന് രണ്ട് പേരെയുമാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ കസ്റ്റഡിയില്‍ എടുത്തത്. ഡാര്‍ക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയവരാണ് ഈ പ്രതികള്‍.

അന്വേഷണത്തില്‍ പാഴ്സല്‍ വഴി എത്തിയത് 10 എല്‍എസ്ഡി സ്റ്റാമ്പുകളാണെന്ന് കണ്ടെത്തി. കൊച്ചിയില്‍ ആറിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 326 എല്‍എസ്ഡി സ്റ്റാമ്പുകള്‍, എട്ട് ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.

ലഹരി ഇടപാടുകളുടെ സൂത്രധാരനായ ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കല്‍, എബിന്‍ ബാബു, ഷാരുന്‍ ഷാജി, കെ.പി അമ്പാടി, സി.ആര്‍ അക്ഷയ്, അനന്തകൃഷ്ണന്‍ ടെബി, ആന്റണി സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്. ജര്‍മനിയില്‍ നിന്നെത്തിയ പാഴ്സല്‍ സംബന്ധിച്ച അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്.

വിവിധ സാധനങ്ങളില്‍ ഒളിപ്പിച്ചും അല്ലാതെയുമാണ് ലഹരിക്കടത്ത് വ്യാപകമാകുന്നത്. കൂടാതെ അധികം പരിശോധനയില്ലാത്ത തപാല്‍ ഓഫീസുകള്‍ വഴിയാണ് ഇത്തരം സംഘങ്ങള്‍ ഇടപാടുകള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജര്‍മനിയില്‍ നിന്നും ലഹരി എത്തിച്ചുവെന്നും വാങ്ങുന്നവരിലും വില്‍ക്കുന്നവരിലും ഭൂരിഭാഗവും യുവാക്കളാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വിദേശ രാജ്യങ്ങളില്‍ നിന്നു മാത്രമല്ല അന്യസംസ്ഥാനങ്ങളില്‍ നിന്നും മയക്കുമരുന്നുകള്‍ എത്തുന്നുണ്ടെന്നാണ് വിവരം. കൂടാതെ രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയുടെ കണ്ണികള്‍ കൊച്ചിയിലുണ്ടെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.