അമേരിക്ക ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങള്‍ നേരിടുന്നത് കുടുംബ ശിഥിലീകരണം; വിശ്വാസാധിഷ്ഠിത നിലപാടുകളില്‍ മാറ്റമില്ല: മനസു തുറന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോണ്‍ ഡിസാന്റിസ്

അമേരിക്ക ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങള്‍ നേരിടുന്നത്  കുടുംബ ശിഥിലീകരണം; വിശ്വാസാധിഷ്ഠിത നിലപാടുകളില്‍ മാറ്റമില്ല:  മനസു തുറന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോണ്‍ ഡിസാന്റിസ്

അയോവ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പുകള്‍ക്ക് അയോവയില്‍ തുടക്കമാകുകയാണ്. പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള സര്‍വേകളില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബഹുദൂരം മുന്നിലാണെങ്കിലും രാജ്യത്തെ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിശ്വാസികള്‍ പ്രതീക്ഷകള്‍ അര്‍പ്പിക്കുന്നത് ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിലാണ്. അതിനു കാരണം അദ്ദേഹത്തിന്റെ ക്രൈസ്തവ വിശ്വാസത്തിലധിഷ്ഠിതമായ നിലപാടുകളാണ്.

അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഭാവിയെ പോലും പ്രതിസന്ധിയിലാക്കുന്ന കുടുംബ ബന്ധങ്ങളിലെ ശിഥിലീകരണം എന്ന പ്രശ്‌നത്തില്‍ റോണ്‍ ഡിസാന്റിസിന് കൃത്യമായ ഉള്‍ക്കാഴ്ച്ചയുണ്ട്. ഇതാണ് വിശ്വാസികളെ അദ്ദേഹത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകവും.

EWTN ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ റോണ്‍ ഡിസാന്റിസ് പങ്കുവച്ച നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. കുടുംബം എന്ന ആശയത്തെ ശക്തമായി പിന്തുണയ്ക്കുന്ന ഡിസാന്റിസ് തന്റെ നയരൂപീകരണം സ്വന്തം വിശ്വാസത്തിലധിഷ്ഠിതമായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

'ഈ രാജ്യം നേരിടുന്ന പ്രതിസന്ധിയാണ് കുടുംബ ബന്ധങ്ങളിലെ ശിഥിലീകരണം. കുടുംബമെന്ന സംവിധാനത്തോട് ശത്രുത പുലര്‍ത്തുന്ന ശക്തികള്‍ ഇവിടെയുണ്ട്. അവര്‍ മാതാപിതാക്കളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ശ്രമിക്കുന്നു'.

ലിംഗപരമായ പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ വിശ്വാസാധിഷ്ഠിതമായ നിലപാടുകള്‍ കാരണം തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സാമ്പത്തികമായി പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന ചിലര്‍ പിന്മാറിയതായി ഡിസാന്റിസ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.

'പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി എന്നെ സാമ്പത്തികമായി പിന്തുണയ്ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഡിസ്നിയുടെ കഥാപാത്രങ്ങളില്‍ സ്വവര്‍ഗാനുരാഗം പോലുള്ള അരാജകത്വ ആശയങ്ങളെ പ്രോല്‍സാഹിപ്പിക്കാനുള്ള കമ്പനിയുടെ നീക്കത്തിനെതിരേ പോരാടിയത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല' - അദ്ദേഹം പറഞ്ഞു.

സ്വവര്‍ഗാനുരാഗത്തിന് പിന്തുണ നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ വാള്‍ട്ട് ഡിസ്‌നിയുടെ അപ്രമാദിത്വത്തിന് തടയിടാനും ഫ്‌ളോറിഡ ഗവര്‍ണര്‍ ശ്രമിച്ചിരുന്നു. വാള്‍ട്ട് ഡിസ്‌നി കമ്പനി അര നൂറ്റാണ്ടായി അനുഭവിച്ചു വന്ന വിശാലമായ അധികാരങ്ങള്‍ റദ്ദാക്കുന്ന ബില്ലില്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണറായ റോണ്‍ ഡിസാന്റിസ് ഒപ്പുവെച്ചത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും പലരെയും ചൊടിപ്പിച്ചിരുന്നു.

എന്നാല്‍ ഈ എതിര്‍പ്പുകള്‍ക്കിടയിലും, തന്റെ ബോധ്യങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ തയാറല്ലെന്നു ഡിസാന്റിസ് അഭിമുഖത്തില്‍ വ്യക്തമാക്കി. സ്‌കൂളുകളില്‍ ലിംഗപരമായ വിഷയങ്ങള്‍ പഠിപ്പിക്കുന്ന കാര്യത്തിലും താന്‍ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഫ്‌ളോറിഡ ഗവര്‍ണര്‍ എന്ന സ്ഥാനത്തിരുന്ന് താന്‍ നടത്തിയ ഇടപെടലുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രായപൂര്‍ത്തിയാകാത്തവരെ ലിംഗമാറ്റ ശസ്ത്രക്രിയകളില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിഞ്ഞ വര്‍ഷം ഫ്‌ളോറിഡയില്‍ നിയമനിര്‍മ്മാണം നടത്തി. ഇതിനു പുറമേ, കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികളില്‍ ലൈംഗിക ആഭിമുഖ്യവും ജെന്‍ഡറും പഠിപ്പിക്കുന്നത് വിലക്കി കഴിഞ്ഞ വര്‍ഷം 2022-ല്‍ നിയമം കൊണ്ടുവന്നു.

യു.എസിലെ മതസ്വാതന്ത്ര്യം നിയമപരമായും സാംസ്‌കാരികമായും ഭീഷണിയിലാണെന്ന് ഡിസാന്റിസ് പറഞ്ഞു. ഇവിടെയുള്ളത് മതേതര മാനവികതയുടെ ഒരു മതം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വരേണ്യവര്‍ഗമാണ്, അതിലൂടെ സമൂഹത്തെ ഭരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു,' ഡിസാന്റിസ് പറഞ്ഞു.

അതേസമയം, വിശ്വാസപരമായ കാരണങ്ങളാല്‍ ഗര്‍ഭച്ഛിദ്രം, വന്ധ്യംകരണം, ലിംഗമാറ്റ ശസ്ത്രക്രിയകള്‍ എന്നിവയെ എതിര്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള നിരവധി സംരക്ഷണ നിയമങ്ങള്‍ ബൈഡന്‍ ഭരണകൂടം റദ്ദാക്കി. സ്വന്തം മനസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരെ പ്രതിക്കൂട്ടിലാക്കുന്ന നയമാണ് ഫെഡറല്‍ സര്‍ക്കാരിന്റേത്.

അഭിമുഖത്തിനിടെ ഡിസാന്റിസിന്റെ വ്യക്തിപരമായ മതവിശ്വാസത്തെക്കുറിച്ചും ചോദ്യം ഉയര്‍ന്നു. ഒരു കത്തോലിക്കനായാണ് താന്‍ വളര്‍ന്നുവന്നത്. രാഷ്ട്രീയ രംഗത്തെ അരാജകത്വത്തിനിടയില്‍ തന്നെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത് പ്രാര്‍ത്ഥനയുടെ ശക്തിയാണെന്ന് ഡിസാന്റിസ് പറഞ്ഞു.

'പ്രാര്‍ത്ഥനയുടെ ശക്തിയില്‍ താന്‍ ഉറച്ചുവിശ്വസിക്കുന്നു'. 2021-ല്‍ തന്റെ ഭാര്യക്ക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയ സമയവും അദ്ദേഹം അനുസ്മരിച്ചു. ആ ആഴ്ചകളിലും മാസങ്ങളിലും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ച ആളുകള്‍ വലിയ സ്വാധീനം ചെലുത്തി. അതിന്റെ ഫലമായി എന്റെയും ഭാര്യയുടെയും വിശ്വാസം കൂടുതല്‍ ബലപ്പെട്ടു - ഡിസാന്റിസ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.