ജീവനൊടുക്കിയ നെല്‍കര്‍ഷകന്റെ വായ്പ എഴുതിത്തള്ളി സര്‍ക്കാര്‍; കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി

ജീവനൊടുക്കിയ നെല്‍കര്‍ഷകന്റെ വായ്പ എഴുതിത്തള്ളി സര്‍ക്കാര്‍; കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി

തിരുവനന്തപുരം: കടക്കെണിയെതുടര്‍ന്ന് ജീവനൊടുക്കിയ ആലപ്പുഴയിലെ നെല്‍ക്കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന്റെ വായ്പ എഴുതിത്തള്ളി സര്‍ക്കാര്‍. ഇതോടെ മൂന്നു വര്‍ഷമായി പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷനില്‍ പണയപ്പെടുത്തിയിരുന്ന ആധാരം കുടുംബത്തിന് തിരികെ ലഭിച്ചു. ഇന്ന് വൈകിട്ട് കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ വീട്ടിലെത്തി ഓമനക്ക് ആധാരം കൈമാറി.

തകഴി കുന്നുമ്മ കാട്ടില്‍പറമ്പില്‍ പ്രസാദിന്റെ ഭാര്യ ഓമന 2021 ഏപ്രില്‍ 29ന് സ്വയം തൊഴില്‍ വായ്പയായി 60,000 രൂപ വായ്പയെടുത്തത്. ഇതില്‍ 15,000 രൂപയോളം തിരികെയടച്ചുവെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ 11 മാസക്കാലമായി തിരിച്ചടവ് മുടങ്ങിയിരുന്നു. ഇതിന്റെ പേരില്‍ ഒരാഴ്ച മുന്‍പ് ഇവര്‍ക്ക് ജപ്തി നോട്ടീസ് വന്നിരുന്നു.

കുടുംബത്തിന് ജപ്തി നോട്ടീസ് അയച്ചത് വലിയ വിവാദമായിരുന്നു. കുടിശ്ശിക തുകയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.

ഇത് വിവാദമായതിന് പിന്നാലെ മന്ത്രി കെ രാധാകൃഷ്ണന്‍ ജപ്തി നോട്ടീസ് മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് പണമടച്ച് ആധാരമെടുക്കാനായി കോര്‍പ്പറേഷനില്‍ എത്തിയെങ്കിലും ആധാരം നല്‍കാതിരുന്നത് വന്‍ പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു.

കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. കടബാധ്യത എഴുതിത്തള്ളാമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 370,000 രൂപയാണ് കുടുംബത്തിന്റെ മൊത്തം കടബാധ്യത. ഈ തുക നല്‍കാമെന്ന് സുരേഷ് ഗോപി അറിയിച്ചിട്ടുണ്ടെന്ന് കുടുംബം അറിയിച്ചു.

പാട്ടത്തിനെടുത്ത മൂന്നരയേക്കറില്‍ കൃഷി നടത്തുന്നതിന് ആവശ്യമായ 50000 രൂപ വായ്പ ലഭിക്കുന്നതിന് പല ബാങ്കുകള്‍ കയറിയിറങ്ങിയെങ്കിലും വായ് ലഭിക്കാത്തതു മൂലമാണ് പ്രസാദ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. 2023 നവംബര്‍ 11നാണ് പ്രസാദ് ജീവനൊടുക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.