കുടിശിക അഞ്ചരക്കോടി: സംസ്ഥാനത്തെ റബര്‍ ഉല്‍പാദക സംഘങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍

കുടിശിക അഞ്ചരക്കോടി: സംസ്ഥാനത്തെ റബര്‍ ഉല്‍പാദക സംഘങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍

കൊച്ചി: സംസ്ഥാനത്തെ റബര്‍ ഉല്‍പാദക സംഘങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍. സര്‍ക്കാരില്‍ നിന്നും റബര്‍ ബോര്‍ഡില്‍ നിന്നും ലഭിക്കാനുള്ള അഞ്ചരക്കോടി രൂപ കുടിശിക ആയതാണ് പ്രതിസന്ധിക്ക് കാരണം. യഥാസമയം തുക കിട്ടുമെന്ന പ്രതീക്ഷയില്‍ മിക്ക സംഘങ്ങളും പ്രവര്‍ത്തന മൂലധനത്തില്‍ നിന്ന് പണമെടുത്ത് കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുകയും ഒട്ടുപാല്‍, ലാറ്റക്സ്, ഷീറ്റ് തുടങ്ങിയവയുടെ ട്രേഡിങ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മാസങ്ങളായി തുക റീഫണ്ട് ചെയ്ത് കിട്ടാതായതോടെ സംസ്ഥാനത്തെ 2806 ആര്‍.പി.എസുകളെ ബാധിക്കുകയായിരുന്നു.

പല റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി (ആര്‍.പി.എസ്) കളും ഇന്ന് ദൈനംദിന പ്രവര്‍ത്തനം പോലും മുടങ്ങിയ അവസ്ഥയിലാണ്. തകര്‍ന്ന റബര്‍ മേഖലയില്‍ ഈ തിരിച്ചടി താങ്ങാവുന്നതിലും അപ്പുറമാണെന്ന് റബര്‍ ഉല്‍പാദക സംഘങ്ങള്‍ പറയുന്നു. റബര്‍ ബോര്‍ഡ് പദ്ധതി പ്രകാരം മഴമറ ഒരുക്കിയതിനും കീടനാശിനി സ്‌പ്രേ ചെയ്തതിനും മറ്റുമുള്ള തുകയാണ് കേന്ദ്രം നല്‍കാനുള്ളത്. പത്തനംതിട്ട ജില്ലയിലൊഴികെ ബോര്‍ഡ് കുടിശിക കാര്യമായി നല്‍കിയിട്ടില്ലെന്ന് സംഘങ്ങള്‍ പറയുന്നു.

ഹെക്ടറിന് 5000 രൂപ വീതമുള്ള ഈ ആനുകൂല്യം പല സംഘങ്ങളും കര്‍ഷകര്‍ക്ക് നേരത്തേ തന്നെ നല്‍കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തേജക പദ്ധതിയിലെ 54 കോടി രൂപ നല്‍കാനുണ്ട്. 500 കോടിയുടെ പദ്ധതിയില്‍ 174 കോടി മാത്രമേ കര്‍ഷകരില്‍ എത്തിയുള്ളൂ. നടപ്പു സാമ്പത്തിക വര്‍ഷം 40 ദിവസം മാത്രമേ റബര്‍ ബില്‍ അപ്ലോഡ് ചെയ്യാനുള്ള വെബ്സൈറ്റ് പ്രവര്‍ത്തിച്ചിരുന്നുള്ളൂ. സംഘങ്ങള്‍ മുഖേന ബില്‍ നല്‍കി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കുന്ന പദ്ധതിയാണിത്.

കിലോഗ്രാമിന് 170 രൂപ ഇത് ഉറപ്പാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ മുഖേനയാണ് ബില്ലുകള്‍ തയ്യാറാക്കുന്നത്. മാസങ്ങളായി പ്രവര്‍ത്തന രഹിതമായിരുന്ന ഈ സംവിധാനം ഇടയ്ക്കൊന്ന് ശരിയായെങ്കിലും ഡിസംബര്‍ ഏഴ് മുതല്‍ വീണ്ടും പണിമുടക്കുകയായിരുന്നു. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലെ അനിശ്ചിതത്വം ആര്‍.പി.എസുകളെ കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തുന്നത്. കര്‍ഷകര്‍ക്കുള്ള വില സ്ഥിരതാ ഫണ്ട് പോലും യഥാസമയം കിട്ടാത്ത സാഹചര്യത്തില്‍ പല കര്‍ഷകരും തോട്ടം ഉല്‍പാദനമില്ലാതെ തരിശിടുകയാണ്.

അതേസമയം അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള റബര്‍ ബോര്‍ഡ് പദ്ധതികള്‍ക്ക് കഴിഞ്ഞ 12 ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് റബ്ബര്‍ ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ വൈകാതെ നല്‍കും. അതിന് മുന്‍കാല പ്രാബല്യവും ഉണ്ടാവും. പദ്ധതികള്‍ക്ക് അനുമതി ലഭിക്കാന്‍ രണ്ട് വര്‍ഷത്തോളം കാലതാമസം ഉണ്ടായി.

ചെറുകിട സംഘങ്ങള്‍ സാമ്പത്തിക പ്രതിസന്ധിമൂലം നട്ടം തിരിയുകയാണ്. പലയിടത്തും പ്രവര്‍ത്തനം നിലച്ചു. സീസണില്‍ പോലും റബര്‍ മേഖലക്ക് ഉണര്‍വില്ല. റബര്‍ ഉല്‍പാദക ഉത്തേജക പദ്ധതി കാര്യക്ഷമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആര്‍.പി.എസ് കണ്‍സോര്‍ഷ്യം ദേശീയ ജനറല്‍ സെക്രട്ടറി ബാബു ജോസഫ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.