നവകേരള സദസില്‍ നിന്ന് വിട്ടുനിന്ന സിപിഎം പ്രവര്‍ത്തകരുടെ വിവരം ശേഖരിക്കുന്നു; പാര്‍ട്ടി അംഗത്വം തെറിക്കും

നവകേരള സദസില്‍ നിന്ന് വിട്ടുനിന്ന സിപിഎം പ്രവര്‍ത്തകരുടെ വിവരം ശേഖരിക്കുന്നു; പാര്‍ട്ടി അംഗത്വം തെറിക്കും

കൊച്ചി: നവകേരള സദസുകളില്‍ നിന്ന് വിട്ടുനിന്ന പാര്‍ട്ടി അംഗങ്ങള്‍ ആരൊക്കെയെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ബ്രാഞ്ച് തലത്തില്‍ നിര്‍ദേശം നല്‍കി സിപിഎം സംസ്ഥാന സമിതി. ഈ മാസം അവസാനത്തോടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തിയാക്കാനും കീഴ്ഘടകങ്ങള്‍ക്കയച്ച സര്‍ക്കുലറില്‍ പാര്‍ട്ടി സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ജില്ലാതല റിപ്പോര്‍ട്ടുകള്‍ പ്രകാരം നവകേരള സദസ് തൃപ്തികരമാണെങ്കിലും പാര്‍ട്ടിയുടെ അലവന്‍സ് വാങ്ങുന്ന മുഴുവന്‍ സമയ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പല സ്ഥലങ്ങളിലും വിട്ടു നിന്നത് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അതതു ഘടകങ്ങളില്‍ വിലയിരുത്തി വേണം അംഗത്വം പുതുക്കല്‍ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും ഇത്തരക്കാരെ അനുഭാവി എന്ന തലത്തിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

ഇതര രാഷ്ട്രീയകക്ഷികളില്‍ നിന്ന് നവകേരള സദസിനെത്തിയവരെ പാര്‍ട്ടി അംഗത്വമെടുപ്പിക്കാന്‍ ശ്രമം നടത്തണമെന്നും ഓര്‍മിപ്പിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ നടത്തേണ്ട അംഗത്വ ക്യാമ്പയിന്‍ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഈ മാസംതന്നെ പൂര്‍ത്തിയാക്കുന്നത്.

അതിനിടെ, കര്‍ഷകത്തൊഴിലാളികളെ അണിനിരത്തി ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന കേന്ദ്ര നടപടിക്കെതിരേ പഞ്ചായത്ത് തലത്തില്‍ 'പാവങ്ങളുടെ പടയണി' സദസ് പാര്‍ട്ടി സംഘടിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.