കൊച്ചി: മുസ്ലിം വ്യക്തി നിയമപ്രകാരം ഭര്‍ത്താവ് തലാഖ് ചൊല്ലിയാല്‍ അത് രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനായി മുസ്ലീം സ്ത്രീ കോടതി കയറിയിറങ്ങേണ്ടതില്ലെന്ന് ഹൈക്കോടതി. മുസ്ലീം വ്യക്തി നിയമപ്രകാരം വിവാഹം കഴിക്കുന്നവര്‍ 2008 ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യണം. പിന്നീട് വ്യക്തി നിയമപ്രകാരം വിവാഹ മോചനം നേടിയാല്‍ പുരുഷന്മാര്‍ക്ക് പുനര്‍ വിവാഹം ചെയ്യാം. വിദേശത്തുവച്ച് തലാഖ് ചൊല്ലിയ മുസ്ലിം യുവതിയുടെ പുനര്‍ വിവാഹത്തിനായി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.
സ്ത്രീകളുടെ പുനര്‍വിവാഹത്തിന് രജിസ്റ്ററില്‍ വിവാഹ മോചിതയാണെന്ന് രേഖപ്പെടുത്തണം. ഇതിനായി ചട്ടമില്ലാത്തതിനാല്‍ കോടതിയെ സമീപിക്കേണ്ട സാഹചര്യമാണുള്ളത്. തുടര്‍ന്നാണ് വിവാഹ രജിസ്റ്ററില്‍ മാറ്റം വരുത്തുന്നതിനായി മുസ്ലീം സ്ത്രീകള്‍ക്ക് കോടതി കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാകരുതെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടത്.
ഹര്‍ജിക്കാരിയുടെ വിവാഹം 2012 ഡിസംബര്‍ മുപ്പതിനായിരുന്നു. ചട്ടപ്രകാരം രജിസ്റ്റര്‍ ചെയ്തു. 2014 ഒക്ടോബര്‍ മുപ്പതിന് ഭര്‍ത്താവ് വിദേശത്തുവച്ച് തലാഖ് ചൊല്ലി. ഇക്കാര്യം മഹല്ല് കമ്മിറ്റിയെ അറിയിക്കുകയും കമ്മിറ്റി വിവാഹമോചന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. രജിസ്റ്ററില്‍ മാറ്റം വരുത്താനായി ഹര്‍ജിക്കാരി അപേക്ഷ നല്‍കിയെങ്കിലും ചട്ടമില്ലെന്ന കാരണത്താല്‍ നിഷേധിക്കുകയായിരുന്നു.
ഹര്‍ജിക്കാരിയുടെ അപേക്ഷ പരിഗണിച്ച് തലാഖ് ചൊല്ലിയ ഭര്‍ത്താവിനും നോട്ടീസ് നല്‍കി ഒരു മാസത്തിനുള്ളില്‍ രജിസ്റ്ററില്‍ മാറ്റം വരുത്താന്‍ കോടതി നിര്‍ദേശിച്ചു. മാര്യേജ് ഓഫീസര്‍ക്ക് വിവാഹ മോചിതയാണെന്ന വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്താനാകും. ഇക്കാര്യത്തില്‍ കോടതിയുടെ ഉത്തരവ് ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.