ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടുമുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി ആരംഭിച്ച സംഘര്‍ഷം മണിപ്പൂരിലെ നിരവധി ജില്ലകളില്‍ വ്യാപിച്ചെന്നാണ് റിപ്പോര്‍ട്ട്.
ബിഷ്ണുപൂര്‍ ജില്ലയിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. നബാദീപ് (40), ഒയിനാം ബാമോന്‍ ജോ (63), ഒയിനാം മാനിതോബ (37), തിയാം സോമെന്‍ (56) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
നാല് പേരുടേയും മൃതദേഹം കണ്ടെത്തി ഇംഫാലിലെ റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റിയെന്ന് ബിഷ്ണുപൂര്‍ പൊലീസ് സൂപ്രണ്ട് മേഘചന്ദ്ര സിങ് പറഞ്ഞു. കൃഷിയിടത്തില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ ആയുധധാരികളുടെ ആക്രമണമുണ്ടായത്.
ഇംഫാല്‍ വെസ്റ്റ് ജില്ലയിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്. ആയുധധാരികളായ ഗ്രാമീണ വളണ്ടിയര്‍മാര്‍ തമ്മില്‍ വെടിവെപ്പുണ്ടാവുകയും അതില്‍ ഇരുപത്തിമൂന്നുകാരനായ ഒരാള്‍ കൊല്ലപ്പെടുകയുമായിരുന്നു. കൊലപാതകങ്ങള്‍ക്ക് പിന്നാലെ ഇംഫാല്‍ താഴ് വര വീണ്ടും സംഘര്‍ഷ ഭരിതമായി.
രണ്ട് ദിവസം മുമ്പ് ആയുധധാരികളുടെ ആക്രമണത്തില്‍ മണിപ്പൂരില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വീണ്ടും സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയായിരുന്നു. കുക്കികളും മെയ്‌തേയികളും തമ്മില്‍ കഴിഞ്ഞ മെയില്‍ ആരംഭിച്ച കലാപത്തില്‍ ഇതുവരെ 207 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.