ന്യായ് യാത്ര തടസപ്പെടുത്താന്‍ ജയ് ശ്രീറാം വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍; ബസില്‍ നിന്ന് ഇറങ്ങിച്ചെന്ന് രാഹുല്‍ - വീഡിയോ

ന്യായ് യാത്ര തടസപ്പെടുത്താന്‍ ജയ് ശ്രീറാം വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍; ബസില്‍ നിന്ന് ഇറങ്ങിച്ചെന്ന് രാഹുല്‍ - വീഡിയോ

ഗുവാഹട്ടി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര തടസപ്പെടുത്താന്‍ അസമിലെ സോണിത്പൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ ശ്രമം. യാത്ര തടയുകയെന്ന ഉദ്ദേശത്തോടെ കാവിക്കൊടിയുമായെത്തിയ ആളുകള്‍ക്കിടയിലേക്ക് ബസില്‍ നിന്ന് രാഹുല്‍ ഇറങ്ങിച്ചെന്നു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

യാത്രയെ അനുഗമിച്ചെത്തിയവര്‍ക്കിടയിലേക്കാണ് കാവിക്കൊടിയുമേന്തി ആളുകളെത്തിയത്. ജയ് ശ്രീറാം, ജയ് മോഡി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു ഇവര്‍ ബസിനടുത്തേക്കെത്തിയത്. ഇതോടെ ബസില്‍ നിന്ന് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് പിന്നീട് ബസിലേക്ക് തിരികെ കയറ്റി.

'20-25 ബിജെപി പ്രവര്‍ത്തകര്‍ വടിയുമേന്തി ബസിന് മുന്നില്‍ വന്നു. ഞാന്‍ ബസില്‍ നിന്ന് ഇറങ്ങിയതോടെ അവര്‍ ഓടിപ്പോയി. കോണ്‍ഗ്രസിന് ബിജെപിയെയും ആര്‍എസ്എസിനെയും ഭയമാണെന്നാണ് അവര്‍ കരുതുന്നത്. അവര്‍ ഞങ്ങളുടെ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും കീറുന്നത് കാര്യമാക്കുന്നില്ല. പ്രധാനമന്ത്രിയെയോ അസം മുഖ്യമന്ത്രിയെയോ ഞങ്ങള്‍ ഭയക്കുന്നുമില്ല'- സംഘര്‍ഷത്തിന് ശേഷം നടന്ന റാലിയില്‍ രാഹുല്‍ പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സോണിത്പുരില്‍ വച്ച് തന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും നേരത്തെ ആരോപിച്ചിരുന്നു. വാഹനത്തിന്റെ ചില്ലുകളില്‍ നിന്നും ന്യായ് യാത്രയുടെ പോസ്റ്ററുകള്‍ കീറിക്കളഞ്ഞുവെന്നും അദേഹം പറഞ്ഞു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.