ഗൃഹ പ്രവേശനത്തിന് തൊട്ടു മുന്‍പ് മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു; വീഡിയോ പുറത്ത്

 ഗൃഹ പ്രവേശനത്തിന് തൊട്ടു മുന്‍പ് മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു; വീഡിയോ പുറത്ത്

ചെന്നൈ: ഗൃഹപ്രവേശനത്തിന് തൊട്ടുമുന്‍പ് മൂന്ന് നില വീട് തകര്‍ന്നു വീണു. അപകടത്തില്‍ ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതുച്ചേരി ആട്ടുപട്ടിയിലെ അംബേദ്കര്‍ നഗറില്‍ ഇന്നലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാരമല അടിഗല്‍ റോഡിന് സമീപമുള്ള കനാല്‍ നവീകരണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതാണ് വീട് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതിന് പിന്നാലെ പ്രദേശത്ത് കനത്ത പ്രകമ്പനമുണ്ടായതായി നാട്ടുകാര്‍ വ്യക്തമാക്കി. കനാലിന്റെ തീരത്തായി സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയില്‍ ഏതാനും വീടുകള്‍ നിര്‍മിച്ചിരുന്നു. മരിമലയാടിഗല്‍ ശാലയെയും കാമരാജ് ശാലയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി കനാലിന്റെ സമീപത്തായി പി.ഡബ്ല്യൂ.ഡി ജോലികള്‍ നടക്കുകയായിരുന്നു.

പാലത്തിന്റെയും കനാലിന്റെയും നിര്‍മാണമാകാം മണ്ണിളകാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. മൂന്ന് നില കെട്ടിടത്തിന് കൃത്യമായ അടിത്തറ കെട്ടിയിരുന്നില്ല. ഒരു ചെറിയ വീടിനുള്ള അടിത്തറയായിരുന്നു. ഇതിന് മുകളിലായി മൂന്നുനില കെട്ടിടം പണിതതാണ് തകര്‍ന്നുവീഴാന്‍ ഇകാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

അപകട സമയം വീട്ടിലും പരിസരത്തുമായി ആളുകള്‍ ഇല്ലായിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായതായി പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.



പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ. ലക്ഷ്മി നാരായണന്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പി.ഡബ്ല്യൂ.ഡിയും റവന്യൂ വകുപ്പും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി വീടിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം വീടിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ പ്രദേശത്ത് പ്രതിഷേധം നടത്തി. കോണ്‍ട്രാക്ടറുടെ അലംഭാവമാണ് അപകടത്തിന് കാരണമായതെന്നും പി.ഡബ്ല്യൂ.ഡി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.