ഹിമന്ത ബിശ്വ ശര്‍മ അഴിമതിക്കാരന്‍; എത്ര ശ്രമിച്ചാലും ന്യായ് യാത്രയെ തടയാനാകില്ല: വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ഹിമന്ത ബിശ്വ ശര്‍മ അഴിമതിക്കാരന്‍; എത്ര ശ്രമിച്ചാലും ന്യായ് യാത്രയെ തടയാനാകില്ല: വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ഗുവാഹട്ടി:  ഭാരത് ജോഡോ ന്യായ് യാത്ര തടഞ്ഞ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എത്ര ശ്രമിച്ചാലും ന്യായ് യാത്രയെ തടയാനാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ഏറ്റവും അഴിമതിക്കാരായ മുഖ്യമന്ത്രിമാരില്‍ ഒരാളാണ് ഹിമന്ത ബിശ്വ ശര്‍മ. അസം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നവും അതു തന്നെയാണ്. അസം മുഖ്യമന്ത്രി ചെയ്യുന്ന കാര്യങ്ങളെല്ലാം ന്യായ് യാത്രക്ക് ഗുണകരമായി ഭവിക്കുന്നതാണ് കാണുന്നത്. യാത്രക്ക് ഞങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത പ്രചാരമാണ് മുഖ്യമന്ത്രി നേടി തന്നതെന്നും രാഹുല്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ അസമിലെ ഏറ്റവും വലിയ പ്രശ്‌നം ന്യായ് യാത്രയാണെന്ന് തോന്നുന്നു. ക്ഷേത്രവും കോളജുകളും സന്ദര്‍ശിക്കാന്‍ പോലും അധികൃതര്‍ അനുമതി നല്‍കുന്നില്ല. അതാണ് അവരുടെ ശൈലി. ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ തങ്ങളെ ഭയപ്പെടുത്താന്‍ അവര്‍ക്ക് കഴിയില്ലെന്നും രാഹുല്‍ വ്യക്തമാക്കി.


ജനങ്ങളെ കാണുന്നത് തടയാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഈ നടപടികള്‍. ഇതെല്ലാം മറികടന്ന് ന്യായ് യാത്ര നിര്‍ഭയമായി മുന്നോട്ട് പോവുകയാണെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ വ്യാപക ആക്രമണമാണ് ബിജെപി പ്രവര്‍ത്തകര്‍ അഴിച്ചു വിടുന്നത്. കഴിഞ്ഞ ദിവസം സോനിത്പുരില്‍ ഭാരത് ജോഡോ ന്യായ് യാത്ര അസമിലൂടെ കടന്നു പോകുന്നതിനിടെയാണ് കാവിക്കൊടികളും മോഡി അനുകൂല മുദ്രാവാക്യങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

യാത്രയെ അലങ്കോലപ്പെടുത്തുന്ന തരത്തിലായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ഇടപെടല്‍. അമ്പതോളം പേര്‍ വടിയുമായി ബസിനരികിലേക്ക് ഓടിയെത്തി. പ്രതിഷേധം നടക്കുന്നതിനിടെ ബസില്‍ നിന്ന് അവര്‍ക്കിടയിലേക്ക് രാഹുല്‍ ഗാന്ധി ഇറങ്ങിയെങ്കിലും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിക്കുകയായിരുന്നു.

അതേസമയം അസമിലെ ഭാരത് ജോഡോ ന്യായ് യാത്രയുടെ പര്യടനം തുടരുകയാണ്. ജനുവരി 25 വരെയാണ് യാത്ര അസമില്‍ പര്യടനം തുടരുക. 17 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര അസമില്‍ 833 കിലോമീറ്റര്‍ സഞ്ചരിക്കും. അസം പര്യടനം പൂര്‍ത്തിയാക്കുന്ന ന്യായ് യാത്ര തുടര്‍ന്ന് മേഘാലയയിലേക്ക് കടക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.