ഭൂമിയില്‍ അവശേഷിക്കുന്നത് രണ്ടേ രണ്ട് വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങള്‍
കാണ്ടാമൃഗങ്ങള്‍ കഴിയുന്നത് 24 മണിക്കൂര്‍ സായുധ കാവലില്‍
കെനിയ: ലോകത്ത് ആദ്യമായി ഐവിഎഫ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ, വംശനാശ ഭീഷണി നേരിടുന്ന വെള്ള കാണ്ടാമൃഗം ഗര്‍ഭിണിയായി. അനിയന്ത്രിതമായ വേട്ടയാടലിന്റെ ഫലമായി ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകാനൊരുങ്ങുന്ന വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങളെ (northern white rhino) രക്ഷിക്കാനുള്ള ഗവേഷകരുടെ പരിശ്രമമാണ് പരിസ്ഥിതി സ്‌നേഹികള്‍ക്ക് പ്രതീക്ഷ പകരുന്നത്.
ലോകത്ത് രണ്ടേ രണ്ടു വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങളാണ് അവശേഷിക്കുന്നത്. അതും വന്ധ്യത ബാധിച്ച രണ്ടു പെണ്‍ കാണ്ടാമൃഗങ്ങള്‍. ഇവയുടെ കാലശേഷം വടക്കന്‍ വെള്ള കാണ്ടാമൃഗം എന്ന വര്‍ഗം ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതെയാകുമെന്ന ആശങ്കയാണ് ഇപ്പോള്‍ പ്രതീക്ഷയ്ക്കു വഴിമാറിയിരിക്കുന്നത്.
ലാബില്‍ സൂക്ഷിച്ചിരിക്കുന്ന വടക്കന്‍ വെള്ള കാണ്ടാമൃഗത്തിന്റെ ബീജവും പെണ്‍ കാണ്ടാമൃഗങ്ങളില്‍ ഒന്നിന്റെ അണ്ഡവും സംയോജിപ്പിച്ച് സൃഷ്ടിച്ച ഭ്രൂണത്തെ വാടക അമ്മയിലേക്ക് വിജയകരമായി മാറ്റുകയായിരുന്നു. വടക്കന്‍ വെള്ള കാണ്ടാമൃഗവുമായി അടുത്ത ബന്ധമുള്ള തെക്കന്‍ വെള്ള കാണ്ടാമൃഗത്തിന്റെ
(southern white rhino mother) ഗര്‍ഭപാത്രത്തിലാണ് ഭ്രൂണം നിക്ഷേപിച്ചത്.
കൃത്രിമ ബീജസങ്കലനം വഴി ആദ്യമായി ഒരു വെള്ള കാണ്ടാമൃഗം ഗര്‍ഭം ധരിച്ചതോടെ ഭാവിയില്‍ വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങളെയും ജനിപ്പിക്കാന്‍ പ്രാപ്തമാണെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
നജിന്‍, ഫാത്തൂ എന്നീ പെണ്‍ കാണ്ടാമൃഗങ്ങള്‍ സായുധ ഉദ്യോഗസ്ഥരുടെ കാവലില്‍
2018-ലാണ് പരിസ്ഥിതി പ്രേമികളെ വേദനിപ്പിച്ച് സുഡാന്‍ എന്ന കാണ്ടാമൃഗം മരണത്തിനു കീഴടങ്ങിയത്. വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങളുടെ വംശത്തിലെ അവസാന ആണ്‍ കാണ്ടാമൃഗമായിരുന്നു സുഡാന്‍. അതുകൊണ്ട് തന്നെ സുഡാന്റെ മരണത്തോടെ വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങളുടെ വംശനാശം സംഭവിച്ചെന്നും ഏവരും കരുതി. മുന്‍പ് ജീവന്‍വെടിഞ്ഞ ചില കാണ്ടാമൃഗങ്ങളില്‍ നിന്നുള്ള ബീജം ഉപയോഗിച്ച് കൃത്രിമ ബീജസങ്കലത്തിന് ശ്രമിച്ചിരുന്നുവെങ്കിലും ഇതും പരാജയപ്പെട്ടിരുന്നു.
നിലവില്‍ നജിന്‍, ഫാത്തൂ എന്നീ രണ്ട് പെണ്‍ കാണ്ടാമൃഗങ്ങള്‍ മാത്രമാണ് വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങളുടെ വംശാവലിയില്‍ ശേഷിക്കുന്നത്. അമ്മയെയും മകളെയും കെനിയയിലെ ഓള്‍ പെജെറ്റ കണ്‍സര്‍വന്‍സിയില്‍ കര്‍ശന സുരക്ഷയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ആയുധമേന്തിയ കാവല്‍ക്കാര്‍ 24 മണിക്കൂറും ഇവയ്ക്ക് കാവലുണ്ട്.
ഇവയ്ക്ക് രണ്ടിനും ഗര്‍ഭം ധരിക്കാനുള്ള ശാരീരിക ആരോഗ്യമില്ല. ഈ സാഹചര്യത്തിലാണ് തെക്കന്‍ വെള്ള കാണ്ടാമൃഗത്തിന്റെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം നിക്ഷേപിച്ചത്.
വെള്ള കാണ്ടാമൃഗത്തില്‍ ആദ്യത്തെ വിജയകരമായ ഭ്രൂണ കൈമാറ്റം കൈവരിക്കുക എന്നത് ഒരു വലിയ ചുവടുവയ്പ്പാണെന്ന് ജര്‍മ്മനിയിലെ ലെയ്ബ്‌നിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സൂ ആന്‍ഡ് വൈല്‍ഡ് ലൈഫ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞയായ സൂസന്‍ ഹോള്‍ട്‌സെ പറഞ്ഞു. വംശനാശം തടയാന്‍ ലക്ഷ്യമിട്ട്, ജര്‍മ്മന്‍ ഗവണ്‍മെന്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബയോറെസ്‌ക്യൂ എന്ന അന്താരാഷ്ട്ര ഗവേഷക സംഘത്തിലെ അംഗമാണ് സൂസന്‍.
ഈ നേട്ടത്തിലൂടെ, വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങളെ അതേ രീതിയില്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും സൂസന്‍ ഹോള്‍ട്‌സെ പറഞ്ഞു.
രണ്ട് ടണ്ണോളം ഭാരമുള്ള പെണ്‍ കാണ്ടാമൃഗങ്ങളില്‍ നിന്നുള്ള അണ്ഡം ശേഖരിക്കുകയായിരുന്നു ഈ ഉദ്യമത്തിലെ ഏറ്റവും ശ്രമകരമായ ഘട്ടം. ഒരു മീറ്ററോളം ഉള്ളിലാണ് പെണ്‍ കാണ്ടാമൃഗങ്ങളില്‍ ഓവറി സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ നീണ്ട നീഡിലുകള്‍ ഉപയോഗിച്ച് മാത്രമെ അണ്ഡശേഖരണം നടക്കുകയുള്ളൂ. ചെറിയ പിഴവു പോലും പെണ്‍ കാണ്ടാമൃഗങ്ങളില്‍ ആന്തരിക രക്തസ്രാവം വരെ ഉണ്ടാകാന്‍ കാരണമായേക്കാം. നിരന്തര പരിശ്രമത്തിനൊടുവിലാണ് പെണ്‍ കാണ്ടാമൃഗത്തില്‍ നിന്ന് അണ്ഡം എടുക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞത്.
ആഫ്രിക്കയില്‍ രണ്ടുതരം വെളുത്ത കാണ്ടാമൃഗങ്ങളാണ് കാണപ്പെടുന്നത്. വടക്കന്‍ വെള്ള കാണ്ടാമൃഗവും തെക്കന്‍ വെള്ള കാണ്ടാമൃഗവും. ഇതില്‍ വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങള്‍ ഒരിക്കല്‍ മധ്യ ആഫ്രിക്കയില്‍ ഉടനീളം വിഹരിച്ചിരുന്നു, എന്നാല്‍ കൊമ്പിന്റെ ആവശ്യത്തിനായി വന്‍തോതില്‍ വേട്ടയാടിയതോടെയാണ് ഈ വന്യജീവി ഗുരുതരമായ വംശനാശ ഭീഷണിയിലായത്. സ്വര്‍ണം, കൊക്കെയ്ന്‍ എന്നിവയേക്കാളേറെ വില കാണ്ടാമൃഗത്തിന്റെ കൊമ്പിന് കിട്ടുന്നു എന്നതാണ് ഇവയുടെ ജീവന് ഭീഷണിയാകുന്നത്. അതേസമയം, സഹാറ ആഫ്രിക്കയില്‍ നിരവധി തെക്കന്‍ കാണ്ടാമൃഗങ്ങളുണ്ട്. എന്നാല്‍ ഇവയുടെയും നിലനില്‍പ്പ് ഭീഷണിയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.