യന്ത്രങ്ങള്‍ക്ക് ഹൃദയ ജ്ഞാനം നല്‍കാനാവില്ല; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ഹൃദയത്തിന്റെ ജ്ഞാനത്തിന് പകരമാകില്ലെന്ന് മാര്‍പാപ്പ

യന്ത്രങ്ങള്‍ക്ക് ഹൃദയ ജ്ഞാനം നല്‍കാനാവില്ല; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ഹൃദയത്തിന്റെ ജ്ഞാനത്തിന് പകരമാകില്ലെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന് ഒരിക്കലും ഹൃദയത്തിന്റെ ജ്ഞാനത്തെ മാറ്റിസ്ഥാപിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് പാപ്പ. സാങ്കേതിക വിദ്യയില്‍ സമ്പന്നരും മനുഷ്യത്വത്തില്‍ ദരിദ്രരുമാകുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ പ്രതിഫലനങ്ങള്‍ മനുഷ്യഹൃദയത്തില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്നും പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചു. ഈ വര്‍ഷത്തെ ലോക സമൂഹ മാധ്യമ ദിന സന്ദേശത്തില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് പാപ്പാ കൃത്രിമബുദ്ധിയുടെ കാലത്ത് മാനുഷിക ഇടപെടല്‍ എങ്ങനെയായിരിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചത്.

മനുഷ്യ ആശയവിനിമയത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഹൃദയത്തിന്റെ ജ്ഞാനവും എന്നതായിരുന്നു 58-ാമത് സാമൂഹ്യ മാധ്യമ ദിനത്തിന്റെ പ്രമേയം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ യുഗത്തില്‍ ഹൃദയത്തിന്റെ ജ്ഞാനം വളര്‍ത്തിയെടുക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. ബൈബിളില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഹൃദയത്തില്‍ നിന്നാണ്. വികാരങ്ങള്‍, ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവ പ്രതിഫലിപ്പിക്കുന്നതിനൊപ്പം സമഗ്രതയെയും ഐക്യത്തെയും പ്രോല്‍സാഹിപ്പിക്കുന്നു. എല്ലാറ്റിനുമുപരിയായി, ദൈവവുമായുള്ള നമ്മുടെ കൂടിക്കാഴ്ചയുടെ ആന്തരിക സ്ഥലം ഹൃദയമാണ്.

ഹൃദയത്തിന്റെ ജ്ഞാനം ഒരിക്കലും യന്ത്രങ്ങളില്‍ നിന്ന് ലഭിക്കില്ലെന്ന് പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു. 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' എന്ന പദം 'മെഷീന്‍ ലേണിംഗ്' എന്ന പദത്തെ മാറ്റിസ്ഥാപിക്കുന്നതാണെങ്കിലും 'ഇന്റലിജന്‍സ്' എന്ന വാക്ക് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പാപ്പ പറഞ്ഞു.
യന്ത്രങ്ങള്‍ ചെയ്യുന്നതുപോലെ ഡാറ്റ സംഭരിക്കാന്‍ കഴിഞ്ഞാല്‍ മാത്രം പോരാ, ഈ ഡാറ്റ അര്‍ത്ഥവത്തായതായിരിക്കണം, മനുഷ്യന് മാത്രമാണ് അതിന് പ്രാപ്തിയുള്ളതെന്ന് മാര്‍പ്പാപ്പ വിശദീകരിച്ചു.

തെറ്റായ കൈകളില്‍, ഇത്തരം സാങ്കേതിക വിദ്യകള്‍ എത്തുമ്പോള്‍ അത് പ്രക്ഷുബ്ദമായ സാഹചര്യങ്ങളിലേക്കു നയിച്ചേക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കപ്പെടണമെന്നും മാര്‍പാപ്പ പറഞ്ഞു. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ കൃത്രിമബുദ്ധിക്ക് ആശയവിനിമയരംഗത്ത് നല്ല സംഭാവനകള്‍ നല്‍കാന്‍ സാധിക്കും.

ജോലിക്കിടെ പരിക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുള്ള റിപ്പോര്‍ട്ടര്‍മാരെയും മാര്‍പാപ്പ അനുസ്മരിച്ചു. മാനവികതയ്ക്ക് ഒരിക്കലും അതിന്റെ പിന്തുണ നഷ്ടപ്പെടാതിരിക്കാനും എല്ലാ ആധുനിക സാങ്കേതികവിദ്യകള്‍ക്കും മുമ്പുണ്ടായിരുന്ന ജ്ഞാനം നമ്മിലേക്ക് തിരികെ വരട്ടെയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.