വിശുദ്ധ കുര്‍ബാനയ്ക്കിടെ ബോംബാക്രമണം; ഫിലിപ്പീന്‍സില്‍ ഒന്‍പത് തീവ്രവാദികളെ വധിച്ച് സൈന്യം

വിശുദ്ധ കുര്‍ബാനയ്ക്കിടെ ബോംബാക്രമണം; ഫിലിപ്പീന്‍സില്‍ ഒന്‍പത് തീവ്രവാദികളെ വധിച്ച് സൈന്യം

മനില: ഫിലിപ്പീന്‍സില്‍ കത്തോലിക്ക പള്ളിയിലുണ്ടായ ബോംബാക്രമണത്തില്‍ പങ്കാളികളായ ഭീകരരുള്‍പ്പടെ ഒന്‍പത് തീവ്രവാദികളെ വധിച്ച് സൈന്യം. ഡിസംബറില്‍ നാല് കത്തോലിക്ക വിശ്വാസികളുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നു തീവ്രവാദികളെ ഉള്‍പ്പെടെയാണ് ഫിലിപ്പീന്‍സ് സൈന്യം വെടിവെച്ചുകൊന്നത്.

ഇസ്ലാമിക് സ്‌റ്റേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ദൗല ഇസ്‌ലാമിയ എന്ന സംഘടനയിലെ അംഗങ്ങളാണ് ദക്ഷിണ ഫിലിപ്പീന്‍സിലെ തപോറഗ് ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് അറിയിച്ചു. നാല് സൈനികര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ആര്‍മി ബ്രിഗേഡ് കമാന്‍ഡര്‍ ജനറല്‍ യെഗോര്‍ റേയ് ബറോഖ്വില്ലോ അറിയിച്ചു.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ തീവ്രവാദികളെ കണ്ടെത്തുകയും ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു. 15-ലധികം തീവ്രവാദികളുമായാണ് സൈന്യം ഏറ്റുമുട്ടിയത്.

ഡിസംബര്‍ മൂന്നിന് ദക്ഷിണ മറാവി നഗരത്തിലെ സര്‍വകലാശാല ജിംനേഷ്യത്തില്‍ നടന്ന ഞായറാഴ്ച പ്രാര്‍ഥനക്കിടെയുണ്ടായ സ്‌ഫോടനത്തിലാണ് നാലു കത്തോലിക്ക വിശ്വാസികള്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഭീകരാക്രമണത്തിന്റെ സൂത്രധാരനുള്‍പ്പടെ മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവരില്‍ ഒരാള്‍ യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണെന്നും ഭീകരര്‍ തമ്പടിച്ചിരുന്ന ഫാം ഹൗസില്‍ നിന്നും മാസങ്ങള്‍ക്ക് മുമ്പേ പ്രദേശവാസികള്‍ പലായനം ചെയ്തുവെന്നും സൈന്യം അറിയിച്ചു.

ഫിലിപ്പീന്‍സിലെ പ്രധാന വിമതസംഘടനയായ മോറോ ഇസ്ലാമിക് ലിബറേഷന്‍ ഫ്രണ്ടുമായി 2014ല്‍ മനില സമാധാന കരാറിലേര്‍പ്പെട്ടിരുന്നു. ഇതോടെ രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് ഒരു പരിധി വരെ അറുതിയായി. സമാധാന കരാറിനെ എതിര്‍ത്തിരുന്ന ചില ചെറു വിമതഗ്രൂപ്പുകള്‍ രാജ്യത്ത് ഇപ്പോഴും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇവരില്‍ ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറ് പുലര്‍ത്തുന്ന സംഘടനകളുമുണ്ട്. കത്തോലിക്ക പള്ളികള്‍, സ്‌കൂളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ ആക്രമണങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.