ഇടുക്കി: കാട്ടനകളും വന്യമൃഗങ്ങളും കാടിറങ്ങാന്‍ തുടങ്ങിയതോടെ പുറത്തിറങ്ങാന്‍ പോലും ഭയന്ന് ഇടുക്കിയിലെ ജനങ്ങള്‍. പുതിയ വര്‍ഷം തുടങ്ങി ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് മൂന്ന് ജീവനുകളെ കാട്ടാന എടുത്തത്. ഇതോടെ ജനങ്ങള്‍ ഭീതിയിലാണ്. വെറും നാല് ദിവസത്തെ വ്യത്യാസത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്.
ജില്ലയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 81 പേര്‍. ഇതില്‍ കൂടുതല്‍ പേരും മരണപ്പെട്ടിരിക്കുന്നത് കാട്ടാനയുടെ ആക്രമണത്തില്‍ ആണെന്ന് വനം വകുപ്പിന്റെ രേഖകളില്‍ പറയുന്നു. ദേവികുളം റേഞ്ചില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 49 പേരാണ് മരണപ്പെട്ടത്. നൂറോളം പേര്‍ പരിക്കേറ്റ് അവശനിലയില്‍ ജീവിക്കുന്നു. 
തങ്ങളുടെ ജീവനും സ്വത്തിനും ആര് സംരക്ഷണം നല്‍കുമെന്ന് ഇവര്‍ കണ്ണീരോടെ ചോദിക്കുന്നു. തോട്ടം മേഖലയിലും വനാതിര്‍ത്തിയിലും ആണ് ഏറ്റവും കൂടുതല്‍ കാട്ടാന ശല്യം ഉള്ളത്. ഇവിടങ്ങളില്‍ കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലും രക്ഷിതാക്കള്‍ മടിക്കുകയാണ്. സ്‌കൂളുകളില്‍ ഹാജര്‍ നിലയും കുറഞ്ഞു. 
ഇടുക്കിയില്‍ കാട്ടാനശല്യം രൂക്ഷമായ മേഖലകളില്‍ ദുരിതകര്‍മസേന നിരീക്ഷണം തുടങ്ങണമെന്ന ആവശ്യവും വര്‍ധിച്ചിട്ടുണ്ട്. അപകടകാരികളായ ആനകളുടെ വിവരശേഖരണം വനംവകുപ്പ് നടത്തണം. ഇപ്പോള്‍ അപകടകാരിയായ കാട്ടാനകള്‍ ജനവാസമേഖലയില്‍ വിലസുന്നുണ്ട്. അവയെ ഇവിടന്ന് നീക്കംചെയ്യുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ പ്രശ്‌നബാധിത മേഖലകളില്‍ കര്‍മസേനയെ നിയമിക്കണമെന്നാണ് ആവശ്യം.
സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പാക്കുന്നതോടൊപ്പം ഇടുക്കിയില്‍ മൂന്നാര്‍ ഡിവിഷനിലും സമീപപ്രദേശങ്ങളിലും സോളാര്‍ പവര്‍ ഫെന്‍സിങ് ഉള്‍പ്പെടെ നടപ്പാക്കുന്നതിനുള്ള നടപടികള്‍ എങ്ങും എത്തിയിട്ടില്ല. 194 ലക്ഷം രൂപയുടെ പദ്ധതിയായിരുന്നു ഇത്. പട്ടിക വര്‍ഗ കോളനികളെ കാട്ടാനശല്യത്തില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള പദ്ധതിയായിരുന്നു ഇത്. ഈ പ്രോജക്ട് കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പദ്ധതി പ്രകാരം അഞ്ച് പട്ടിക വര്‍ഗ കോളനികളില്‍ 20 കിലോമീറ്റര്‍ ദൂരത്തില്‍ പവര്‍ ഫെന്‍സിങ് നടത്താനായിരുന്നു നീക്കം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.