ജനക്ഷേമത്തിന് ജനകീയ സംവാദങ്ങളും മുഖാമുഖ ചര്‍ച്ചകളും തുടരും: മുഖ്യമന്ത്രി പിണറായി വിജയന്‍

ജനക്ഷേമത്തിന് ജനകീയ സംവാദങ്ങളും മുഖാമുഖ ചര്‍ച്ചകളും തുടരും: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ജനകീയ സംവാദങ്ങളും മുഖാമുഖ ചര്‍ച്ചകളും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ ഭാഗമായി വ്യത്യസ്ത മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരെ പ്രത്യേകമായി വിളിച്ച് ചേര്‍ക്കും. ആദ്യഘട്ടമെന്ന നിലയില്‍ പത്ത് കേന്ദ്രങ്ങളില്‍ വ്യത്യസ്ത മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി മുഖാമുഖ പരിപാടി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിന് നല്‍കിയ പിന്തുണയും പങ്കാളിത്തവും ഈ പരിപാടിയിലും ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 18 ന് കോഴിക്കോട് (വിദ്യാര്‍ഥി സംഗമം), 20 ന് തിരുവനന്തപുരം (യുവജനങ്ങള്‍), 22ന് എറണാകുളം (സ്ത്രീകള്‍), 24 ന് കണ്ണൂര്‍ (ആദിവാസികളും ദളിത് വിഭാഗങ്ങളും), 25 തൃശൂര്‍ (സാംസ്‌കാരികം), 26 ന് തിരുവനന്തപുരം (ഭിന്നശേഷിക്കാര്‍), 27 ന് തിരുവനന്തപുരം (പെന്‍ഷന്‍കാര്‍, വയോജനങ്ങള്‍), 29 ന് കൊല്ലം (തൊഴില്‍ മേഖല), മാര്‍ച്ച് രണ്ടിന് ആലപ്പുഴ (കാര്‍ഷിക മേഖല), മൂന്നിന് (എറണാകുളം റസിഡന്‍സ് അസോസിയേഷനുകള്‍) എന്നിങ്ങനെയാണ് പരിപാടികളുടെ ക്രമം.

വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, മഹിളകള്‍, ഭിന്നശേഷിക്കാര്‍, ആദിവാസികള്‍, ദളിത് വിഭാഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പെന്‍ഷന്‍കാര്‍, വയോജനങ്ങള്‍, തൊഴില്‍ മേഖലയിലുള്ളവര്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായുള്ള മുഖാമുഖം പരിപാടിയാണ് ഇങ്ങനെ നടക്കുക. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3 വരെ വിവിധ ജില്ലകളിലായി നടക്കുന്ന മുഖാമുഖം പരിപാടികളില്‍ ഓരോ മേഖലയിലും അനിവാര്യമായ നവകേരള കാഴ്ചപ്പാടുകള്‍ വിശദമായി അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും.

വിദ്യാര്‍ഥികളുമായുള്ള മുഖാമുഖത്തില്‍ എല്ലാ സര്‍വകലാശാലകളില്‍ നിന്നും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ കോളജുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 'ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റം കൈവരിച്ച കാലമായതിനാല്‍ ഇനിയുടെ കൂടുതല്‍ മാറ്റങ്ങള്‍ അനിവാര്യമായതിനാല്‍ വിദ്യാര്‍ഥികളില്‍ നിന്നും അഭിപ്രായം തേടും.

പ്രതിസന്ധി നേരിടുന്ന കാര്‍ഷിക മേഖലയില്‍ നിന്നുള്ള പ്രതിനിധികളുമായുള്ള മുഖാമുഖത്തിലൂടെ പുനരുജ്ജീവന മാര്‍ഗങ്ങള്‍ തേടി കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ക്ഷേമത്തിനും ഉന്നമനത്തിനും ആവശ്യമായ നടപടികളും സ്വീകരിക്കും.

വനിതകളുമായുള്ള മുഖാമുഖം പരിപാടിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ വനിതാ പ്രസിഡന്റുമാര്‍, കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, അങ്കണവാടി, സാന്ത്വനപരിചരണം, വനിതാ കര്‍ഷകര്‍, വനിതാ അഭിഭാഷകര്‍, ഐടി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവര്‍ പങ്കെടുക്കും.

സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തില്‍ സംഗീത, നാടക, ലളിതകല, സാഹിത്യ, കലാമണ്ഡലം, സിനിമ, നാടന്‍കല എന്നീ മേഖലകളില്‍ നിന്നുള്ള സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.