ജോര്‍ദാന്‍-സിറിയ അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണം: മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു; കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ബൈഡന്‍

 ജോര്‍ദാന്‍-സിറിയ അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണം: മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു; കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ബൈഡന്‍

ഗാസയില്‍ യുദ്ധം തുടങ്ങിയ ശേഷം അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുന്നത് ആദ്യം.
ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റന്‍സ് വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റതായി റിപ്പോര്‍ട്ട്.

അമ്മാന്‍: ജോര്‍ദാന്‍-സിറിയ അതിര്‍ത്തിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ടവര്‍ 22 എന്ന സൈനിക താവളത്തിലുണ്ടായിരുന്നവരാണ് മരിച്ച സൈനികരെന്ന് അമേരിക്ക അറിയിച്ചു.

സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന ഇറാന്റെ പിന്തുണയുള്ള സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു. ആക്രമണത്തില്‍ ശക്തമായി തിരിച്ചടിയുണ്ടാകുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

തങ്ങളുടെ പ്രദേശത്ത് ഡ്രോണ്‍ ആക്രമണം നടന്നിട്ടില്ലെന്നും സിറിയയിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെയാണ് ആക്രമണം നടന്നതെന്നും ജോര്‍ദാന്‍ അറിയിച്ചു. ലക്ഷ്യമിട്ടത് സിറിയയിലെ അല്‍-തന്‍ഫ് ബേസ് ആണെന്നാണ് ജോര്‍ദാന്‍ സര്‍ക്കാര്‍ വക്താവ് മുഹന്നദ് മുബൈദീന്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതിനു പിന്നാലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഈ മേഖലയില്‍ യു.എസ് സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെ മുന്‍പും ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ജീവഹാനി ഉണ്ടായിട്ടില്ലായിരുന്നു.

അതേസമയം ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റന്‍സ് വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കും വരെ മേഖലയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം തുടരുമെന്ന് സായുധ വിഭാഗം അറിയിച്ചതായും പത്രം വെളിപ്പെടുത്തി.

അതിനിടെ സംഭവത്തില്‍ പ്രതികരിച്ച് ഹമാസ് രംഗത്തെത്തി. ഇസ്രയേല്‍ ഗാസയിലെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ മുസ്ലീം രാഷ്ട്രങ്ങള്‍ അതിനെ നേരിടുമെന്ന അമേരിക്കന്‍ ഭരണകൂടത്തിനുള്ള സന്ദേശമാണ് ഡ്രോണ്‍ ആക്രമണമെന്നാണ് ഹമാസ് വക്താവ് സമി അബു സുഹ്രിയുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.